സ്വന്തം ലേഖകൻ: ഖത്തറിൽ ഓണ്‍ അറൈവല്‍ വിസ പുനഃസ്ഥാപിച്ചു. ആദ്യ യാത്രക്കാര്‍ ഇന്നലെ രാത്രിയോടെ ദോഹയിലെത്തി. ദോഹ വഴി സൌദിയിലേക്ക് യാത്ര ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ പേരും എത്തുന്നത്. ഖത്തര്‍ അംഗീകൃത വാക്സിനേഷന്‍ രണ്ട് ഡോസ് എടുത്തതിന്‍റെ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് ഇഹ്തിറാസ് വെബ്സൈറ്റ് വഴി പ്രീ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചതിന് ശേഷമാണ് യാത്ര. .
ഓണ്‍ അറൈവല്‍ വഴിയുള്ള ആദ്യ യാത്രക്കാരായതിനാല്‍ തന്നെ കൊച്ചിയിലും പിന്നീട് ദോഹയിലും നടപടിക്രമങ്ങളില്‍ ചെറിയ താമസം നേരിട്ടതായി യാത്രക്കാർ പറഞ്ഞു. ഇങ്ങനെ എത്തുന്നവർക്ക് ഖത്തറിൽ 15 ദിവസം ക്വാറൻ്റീനിൽ തങ്ങിയതിന് ശേഷം സൌദിയിലേക്ക് യാത്ര ചെയ്യാൻ അനുമതിയുണ്ട്. ഇന്ത്യ ഉള്‍പ്പെടെ 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്‍കൂര്‍ വിസ എടുക്കാതെ ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറിലെത്താമെന്ന് ഖത്തര്‍ ടൂറിസം അറിയിച്ചു.
ഇത് സംബന്ധിച്ച് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ട്രാവല്‍ ഏജന്‍സികള്‍ക്ക് നേരത്തേ അറിയിപ്പ് നല്‍കിയിരുന്നു. ഒരു മാസത്തേക്കാണ് സൗജന്യ വിസ ലഭിക്കുക. ഇത് 30 ദിവസത്തേക്കു കൂടി ദീര്‍ഘിപ്പിക്കാം. അതേസമയം, ഓണ്‍ അറൈവല്‍ വിസയില്‍ വരുന്നവര്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ടെന്ന് ഖത്തര്‍ ടൂറിസം അധികൃതര്‍ ഓർമ്മിപ്പിച്ചു.
യാത്രക്കാരുടെ പാസ്പോര്‍ട്ട് ആറു മാസമെങ്കിലും കാലാവധി ഉള്ളതായിരിക്കണം. ജിസിസി രാജ്യങ്ങളില്‍ വിസയുള്ളവര്‍ക്ക് ഖത്തറില്‍ 14 ദിവസത്തെ ഹോട്ടല്‍ താമസം ബുക്ക് ചെയ്താല്‍ മതിയാവും. ഖത്തറില്‍ നിന്നു പോവേണ്ട ഗള്‍ഫ് രാജ്യത്തേക്കുള്ള വിമാന ടിക്കറ്റും ഉറപ്പാക്കണം. യാത്ര പുറപ്പെടുന്നതിന് പരമാവധി 12 മണിക്കൂര്‍ മുമ്പ് ഇഹ്തിറാസ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത്് യാത്രയ്ക്ക് മുന്‍കൂര്‍ അനുമതി നേടണം.
കൂടാതെ യാത്രയുടെ 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് പിസിആര്‍ നെഗററ്റീവ് സര്‍ട്ടിഫിക്കറ്റും വേണം. ഇന്ത്യ റെഡ് ലിസ്റ്റില്‍പ്പെട്ട രാജ്യമായതിനാല്‍ ഖത്തര്‍ വിമാനത്താവളത്തിലെത്തിയാല്‍ സ്വന്തം ചെലവില്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. ഇന്ത്യയില്‍ നിന്നു നേരിട്ട് യാത്ര ചെയ്യുന്നതിന് നിലവില്‍ വിലക്കുള്ള സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളിലേക്ക് ഖത്തര്‍ വഴി യാത്ര ചെയ്യാവുന്നതാണ്.
രാജ്യത്ത് കൊവിഡ് വ്യാപനം ഏറെക്കുറെ നിയന്ത്രണ വിധേയമായതോടെ വിനോദ സഞ്ചാര മേഖല തുറക്കാനുള്ള നീക്കവുമായി ഖത്തർ സർക്കാർ മുന്നോട്ട് പോകുകയാണ്. പൂര്‍ണമായും വാക്സിനെടുത്തവര്‍ക്ക് ഖത്തറില്‍ ക്വാറന്റൈന്‍ ഇല്ലാതെ പ്രവേശിക്കാമെന്ന തീരുമാനത്തോടെ ടൂറിസം മേഖല പുതുജീവന്‍ ആര്‍ജിച്ചതായാണ് വിലയിരുത്തല്‍.
ഇതിന്റെ ഭാഗമായി വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി ഡിസ്‌കവര്‍ ഖത്തറും ഖത്തര്‍ എയര്‍വേസ് ഹോളിഡേസും ചേര്‍ന്ന് പ്രത്യേക പാക്കേജുകളും നൽകുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല