സ്വന്തം ലേഖകൻ: നഗരസഭ മന്ത്രാലയത്തിന്റെ ഉറവിട മാലിന്യ സംസ്‌കരണ-പുനരുപയോഗ പ്രോഗ്രാമിന്റെ രണ്ടാം ഘട്ടം വീടുകളിലേക്ക്. മാലിന്യം ഉറവിടങ്ങളിൽ നിന്നു തന്നെ വേർതിരിച്ച് പുനരുപയോഗം സാധ്യമാക്കുന്ന പദ്ധതിയാണിത്. പുനരുപയോഗ മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും പ്രത്യേകം നിക്ഷേപിക്കാനുള്ള വീപ്പ എല്ലാ സ്വദേശി-പ്രവാസി വീടുകളിലും ഈ മാസം മുതൽ വിതരണം ചെയ്യും. വീപ്പ വിതരണത്തിന്റെ ആദ്യ ഘട്ടം ദോഹയിൽ തുടങ്ങും. പ്രാരംഭ ഘട്ടമെന്ന നിലയിൽ അൽ ദഫ്‌നയിലെ ജാലിയ ഏരിയയിലെ വീടുകളിൽ 185 വീപ്പ വിതരണം ചെയ്തു.
2025നകം ദോഹ നഗരസഭയിലെ മുഴുവൻ വീടുകളിലും വീപ്പ വിതരണം ചെയ്യുമെന്ന് പൊതുശുചിത്വ വകുപ്പ് ഡയറക്ടർ മുഖ്ബിൽ മധൗർ അൽ ഷമ്മാരി പറഞ്ഞു.2026 മുതൽ ഉം സലാൽ, അൽ ദായീൻ, അൽഖോർ, അൽ ഷമാൽ എന്നീ നഗരസഭകളിലെ വീടുകളിലാണ് വീപ്പകളുടെ വിതരണം നടക്കുക. 2027 അവസാനത്തിൽ അൽ റയാൻ, അൽ വക്ര, അൽ ഷഹാനിയ എന്നിവിടങ്ങളിലേക്ക് പ്രവേശിക്കും.
2019 ലാണ് ഉറവിട മാലിന്യ സംസ്‌കരണ-പുനരുപയോഗ പദ്ധതിക്ക് തുടക്കമായത്. ആദ്യം സ്‌കൂളുകൾ, ഹെൽത്ത് സെന്ററുകൾ എന്നിവയ്ക്കാണ് കണ്ടെയ്‌നറുകൾ വിതരണം ചെയ്തത്. 2020 ഹോട്ടലുകൾ, പബ്ലിക് പാർക്കുകൾ എന്നിവിടങ്ങളിലും 2021ൽ സർക്കാർ കെട്ടിടങ്ങൾക്കും ബാങ്കുകൾക്കും വിതരണം ചെയ്തു.
2022ൽ സർക്കാർ കെട്ടിടങ്ങളിലും ഫിഫ ലോകകപ്പ് വേദികളിലുമായിട്ടായിരുന്നു വിതരണം. ലോകകപ്പ് വേദികളിൽ മാത്രം 1,400 എണ്ണം നൽകി. ഖത്തർ ദേശീയ ദർശന രേഖ 2030ന്റെ ഭാഗമായാണ് പദ്ധതി. മാലിന്യത്തിന്റെ അളവ് കുറക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനുമാണ് പ്രധാന ലക്ഷ്യം.
തരം വീപ്പകളാണ് വീടുകൾക്ക് നൽകുന്നത്. ഗ്രേ നിറമുള്ള വീപ്പയിൽ ജൈവ (ഭക്ഷ്യ) മാലിന്യങ്ങളും നീല നിറമുള്ളതിൽ പുനരുപയോഗ മാലിന്യവുമാണ് നിക്ഷേപിക്കേണ്ടത്. ആവശ്യമുള്ള വലുപ്പത്തിൽ വീപ്പ ലഭിക്കും. വീടിന്റെ പുറത്താണ് ഇവ വയ്‌ക്കേണ്ടത്.
ഇതുസംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ വിവിധ ഭാഷകളിലായി ബോധവൽക്കരണം നടത്തും. വീപ്പകളിൽശരിയായ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് സംബന്ധിച്ച് കൃത്യമായ അറിവ് നൽകുകയാണ് ലക്ഷ്യം. പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ അതോറിറ്റികളുമായി ചേർന്ന് ഒട്ടേറെ സംരംഭങ്ങൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല