1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2024

സ്വന്തം ലേഖകൻ: ഖത്തറില്‍ വേനല്‍ചൂട് കത്തികയറുന്നു. താപനില ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്. വെയിലേറ്റ് തളരാതിരിക്കാനും വേനല്‍ക്കാല രോഗങ്ങളെ ചെറുക്കാനും ബോധവല്‍ക്കരണം ശക്തമാക്കി പൊതുജനാരോഗ്യ, തൊഴില്‍ മന്ത്രാലയങ്ങളും. ഈ ആഴ്ച കനത്ത ചൂടു കാലമാണെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകല്‍ താപനില 41നും 48 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ചൊവ്വാഴ്ച ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത് കരാന, ഷഹാനിയ, തുരായന എന്നിവിടങ്ങളിലാണ് ആണ്-46 ഡിഗ്രി സെല്‍ഷ്യസ്. ജുമെയ്‌ലയില്‍ 45, അല്‍ഖോര്‍, ഗുവെയ്‌രിയ, മിസൈമീര്‍ എന്നിവിടങ്ങളില്‍ 44 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു താപനില. പുറം തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമ ചട്ടം പ്രാബല്യത്തിലുള്ളതിനാല്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 3.30 വരെ തൊഴിലാളികള്‍ക്ക് വിശ്രമിക്കാമെന്നത് തൊഴില്‍ മേഖലയ്ക്ക് വലിയ ആശ്വാസമാണ്.

വേനല്‍ചൂടിനെ പ്രതിരോധിക്കാന്‍ എന്തൊക്കെ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയവും തൊഴില്‍ മന്ത്രാലയവും ചേര്‍ന്ന് സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ സമഗ്രമായ ബോധവല്‍ക്കരണമാണ് നടത്തുന്നത്. കടുത്ത ചൂടില്‍ സൂര്യതാപം പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ചൂടിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളിലായാണ് ബോധവല്‍ക്കരണ ബ്രോഷറുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തൊഴിലിടങ്ങളില്‍ ആര്‍ക്കെങ്കിലും പെട്ടെന്ന് ബോധം നഷ്ടപ്പെടുക, പെട്ടെന്നുള്ള തീവ്ര രോഗം എന്നിവ ഉണ്ടായാല്‍ ഉടന്‍ 999 എന്ന നമ്പറില്‍ വിളിച്ച് സഹായം തേടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.