സ്വന്തം ലേഖകൻ: ഈ ആഴ്ച അവസാനം വരെ ഖത്തറില്‍ താപനില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഖത്തറിന്റെ കാലാവസ്ഥാ മാപ്പില്‍ രാജ്യത്തുടനീളം ചുവപ്പ് നിറത്തിലുള്ള താപനിലയാണ് ഈ ആഴ്ചത്തെ പ്രവചനം. രാജ്യത്തുടനീളം 41 ഡിഗ്രി സെല്‍ഷ്യസിനും 48 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ താപനിലയില്‍ ഈ ആഴ്ച്ച അവസാനം വരെ വര്‍ധനവുണ്ടാവുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഓരോ 15 മിനിറ്റിലും തണുത്ത വെള്ളം കുടിക്കുക, ചായ, കാപ്പി, എനര്‍ജി പാനീയങ്ങള്‍, ശീതളപാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക, ജോലി സമയത്ത് കൂടുതല്‍ ഇടവേളകള്‍ ഷെഡ്യൂള്‍ ചെയ്യുക, ശരിയായ ഭക്ഷണ ക്രമം പാലിക്കുക, ലഘുവായ ഭക്ഷണങ്ങള്‍ കഴിക്കുക, ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങള്‍ ധരിക്കുക, പുറത്തിറങ്ങുമ്പോള്‍ തല മറയ്ക്കാന്‍ ശ്രദ്ധിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് മന്ത്രാലയം സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ നല്‍കിയിരിക്കുന്നത്.
അസാധാരണമായ ചിന്ത, പെരുമാറ്റം, അവ്യക്തമായ സംസാരം, അപസ്മാരം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ 999 എന്ന നമ്പറില്‍ ഉടന്‍ വിളിക്കണം. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. അത്തരമൊരു വ്യക്തിയെ ഉടന്‍ തന്നെ തണുപ്പുള്ള സ്ഥലത്തേക്ക് മാറ്റണമെന്നും വെള്ളം, ഐസ് അല്ലെങ്കില്‍ ഫാന്‍ എന്നിവ ഉപയോഗിച്ച് വ്യക്തിയുടെ ശരീരം തണുപ്പിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല