സ്വന്തം ലേഖകൻ: ജീവനക്കാർക്കായി തൊഴിൽ പെർമിറ്റ് പരിഷ്‌കരിക്കാനുള്ള നടപടികൾ തൊഴിലുടമയ്ക്ക് ഇനി ഓൺലൈനിൽ പൂർത്തിയാക്കാം. തൊഴിൽ മന്ത്രാലയമാണ് പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചത്. തൊഴിലുടമകൾക്ക് ജീവനക്കാർക്ക് വേണ്ടി തൊഴിൽ മാറ്റത്തിന് അപേക്ഷിക്കുക കൂടുതൽ എളുപ്പമാകും.
ഇതിനായി മന്ത്രാലയം ഓഫിസുകളിലോ സേവന കേന്ദ്രങ്ങളിലോ കയറിയിറങ്ങേണ്ടതില്ല. അപേക്ഷയുടെ സ്‌റ്റാറ്റസ് അറിയാനും തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള കരാറുകളുടെ അറ്റസ്റ്റേഷൻ സംവിധാനത്തിന്റെ പുരോഗതി വിലയിരുത്താനും ഭേദഗതി ചെയ്ത തൊഴിൽമാറ്റം സംബന്ധിച്ച വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുന്നതിനും അനുവദിക്കുന്നതാണ് ഇ-സേവനം.
പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണിത് നടപ്പാക്കുന്നത്. അതിനിടെ വിദേശരാജ്യങ്ങളിൽ ഖത്തർ വീസ സെന്ററുകളുടെ സേവനങ്ങൾ സംബന്ധിച്ച അന്വേഷണങ്ങൾക്ക് ഹോട്ട്‌ലൈൻ നമ്പറിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു. ഗവൺമെന്റ് കോൺടാക്ട് സെന്ററിന്റെ 109 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ വിളിച്ചാൽ ഖത്തർ വീസ സെന്ററുകളിലെ സേവനങ്ങൾ സംബന്ധിച്ച വിവരങ്ങൾ അറിയാൻ സാധിക്കും. ഖത്തർ ആഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ധാക്ക, കൊളംബോ, കാഠ്മണ്ഡു, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ ആണ് സെന്ററുകൾ ഉള്ളത്. ഇന്ത്യയിൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ലക്‌നോ, ഹൈദരാബാദ്, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലാണ് സെന്ററുകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല