സ്വന്തം ലേഖകൻ: കിഴക്കിനും പടിഞ്ഞാറിനും ഇടയിലുള്ള വിടവ് നികത്തി ജനങ്ങൾക്കിടയിലെ സാംസ്‌കാരിക അടുപ്പം ദൃഢപ്പെടുത്തി ലോകകപ്പ് ഫാൻ സോണുകൾ. ഫിഫ ലോകകപ്പിന്റെ സുപ്രധാന പ്രമേയമായ ഐക്യം മധ്യപൂർവ ദേശത്തെയും അറബ് ലോകത്തെയും ഈ പ്രഥമ ലോകകപ്പിലും പ്രതിഫലിക്കുന്നു. ഫാൻ സോണുകളിലെ വൈവിധ്യമുള്ള ആരാധകരാകട്ടെ വിശ്വമാനവികതയുടെ സന്ദേശമാണ് വിളിച്ചോതുന്നത്.
ജാതി,മത, ദേശ, രാഷ്ട്രീയ ഭേദമന്യേ ഫുട്‌ബോൾ എന്ന ഒറ്റ വികാരത്തിൻ ഒന്നാകുന്ന ലക്ഷകണക്കിന് മനുഷ്യരാണ് ഫാൻ സോണുകൾക്ക് ജീവൻ നൽകുന്നതും. കൂറ്റൻ എൽഇഡി സ്‌ക്രീനിന് മുൻപിൽ മത്സരങ്ങളുടെ തൽസമയ സംപ്രേഷണം കാണാൻ തടിച്ചുകൂടുന്ന ആരാധകൂട്ടം നാമെല്ലാം ഒന്നാണെന്ന് വീണ്ടും ഓർമിപ്പിക്കുന്നു.
ഖത്തറിന്റെ പൈതൃകവും സംസ്‌കാരവും ഇഷ്ടപ്പെട്ട് ഖത്തരി വസ്ത്രവും ശിരോവസ്ത്രങ്ങളും ധരിച്ച് മത്സരം കാണാനെത്തുന്ന പാശ്ചാത്യ പൗരന്മാരും സാംസ്‌കാരിക ബന്ധം ദൃഢമാക്കുകയാണ്. അറബ് നാടിന്റെ രുചികളറിയാൻ മജ്ബൂസും ഷവർമയും തേടുന്ന ആരാധകരും കുറവല്ലെന്ന് ഭക്ഷണ-പാനീയ ശാലകളിലുള്ളവർ പറയുന്നു.
മികച്ച താമസ സൗകര്യങ്ങളും സ്റ്റേഡിയങ്ങളിലേക്കും വിനോദ കേന്ദ്രങ്ങളിലേക്കുമുള്ള സൗജന്യ ഷട്ടിൽ ബസ്, ദോഹ മെട്രോ തുടങ്ങിയ പൊതുഗതാഗത സൗകര്യങ്ങളും ആരാധകരിൽ മതിപ്പുളവാക്കിയിട്ടുണ്ട്. പാശ്ചാത്യൻ മാധ്യമങ്ങളുടെ കനത്ത വിമർശനങ്ങൾക്കു നടുവിലും ചുരുങ്ങിയ ദിവസം കൊണ്ട് സന്ദർശകരുടെ ഹൃദയം കീഴടക്കാൻ രാജ്യത്തിന് കഴിഞ്ഞു.
വലുപ്പം കൊണ്ടു ചെറുതെങ്കിലും സാമ്പത്തികമായി മുൻനിരയിൽ നിൽക്കുന്ന ഖത്തറിന് ലോകരാജ്യങ്ങൾക്കിടയിൽ വലിയ സ്വാധീന ശക്തിയുണ്ട്. വിമർശനങ്ങളിൽ വിവേകപൂർവമായ നിലപാടുകൾ സ്വീകരിച്ചു കൊണ്ടാണ് 12 വർഷം നീണ്ട തയാറെടുപ്പുകൾക്ക് ശേഷം ഖത്തർ 22ാമത് ഫിഫ ലോകകപ്പിന് സ്വാഗതമോതിയത്.
അതിനിടെ വിദേശീയരായ ആരാധകര്‍ക്ക് നൃത്ത ചുവടുകളില്‍ വിസ്മയം തീർക്കുകയാണ് മലയാളി വനിതകൾ. ജോലിത്തിരക്കിന്റെ നടുവിലും ലോകകപ്പ് ഫാന്‍സോണുകളില്‍ ചടുലമായ് നൃത്തച്ചുവടുകളിലൂടെ ആരാധക ശ്രദ്ധ നേടുകയാണ് ഇവര്‍. മെഡിക്കല്‍, ഫിനാന്‍സ്, ഐടി പ്രോഗ്രാമിങ്, മാര്‍ക്കറ്റിങ്, അധ്യാപനം തുടങ്ങി വിവിധ മേഖലയില്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍. ലോകകപ്പ് തുടങ്ങിയിട്ട് 8 ദിനങ്ങള്‍ പിന്നിട്ടപ്പോഴേയ്ക്കും അല്‍ വക്രയിലെ ബര്‍വ ബരാഹത്, ബര്‍വ മദീന, അല്‍ മെസില്ല ഫാന്‍ സോണ്‍ എന്നിവിടങ്ങളിലായി ഇതിനകം ഏഴു ഡാന്‍സ് അവതരിപ്പിച്ചു കഴിഞ്ഞു.
ഇതിനു പുറമെ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ ഫാന്‍ സോണിലും ഈ നര്‍ത്തക സംഘം സജീവമാണ്. ബോളിവുഡ്, സിനിമാറ്റിക്, പരമ്പരാഗത ഫോക്‌ലോര്‍ ഡാന്‍സുകള്‍ക്കുമായി 3 ടീമുകളുണ്ട്. മുതിര്‍ന്ന വനിതകളടങ്ങുന്ന 14 അംഗ സംഘവും വിദ്യാർഥിനികളായ പെണ്‍കുട്ടികളുടെ അഞ്ചംഗ സംഘവുമാണ് ഫാന്‍ സോണുകളില്‍ നൃത്തം അവതരിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല