സ്വന്തം ലേഖകൻ: രാജ്യത്തെ വിമാനത്താവളങ്ങൾ മുഖേന ഫിഫ മത്സര ടിക്കറ്റുകളുടെ വിൽപനയില്ലെന്ന് ഹമദ് രാജ്യാന്തര വിമാനത്താവളം അധികൃതർ. മത്സര ടിക്കറ്റുകളെക്കുറിച്ചള്ള അന്വേഷണങ്ങൾക്കോ ടിക്കറ്റുകൾ വാങ്ങുന്നതിനോ വേണ്ടി ദോഹ, ഹമദ് വിമാനത്താവളങ്ങൾ സന്ദർശിക്കുന്നതിനെതിരെ ലോകകപ്പ് സന്ദർശകർക്ക് അധികൃതർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഫിഫയുടെ സ്ഥിരീകരിച്ച ടിക്കറ്റുകളില്ലാതെ സ്റ്റേഡിയങ്ങളിലേക്ക് പോകുന്നതിനെതിരെ സ്റ്റേഡിയം അധികൃതരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 64 മത്സരങ്ങളുള്ള ഫിഫ ലോകകപ്പിലെ അവശേഷിക്കുന്ന ലൂസേഴ്സ് ഫൈനൽ, ഫൈനൽ മത്സരങ്ങളുടെ ടിക്കറ്റുകൾ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ടിക്കറ്റുകൾക്കായി നെട്ടോട്ടമോടുകയാണ് ഫുട്ബോൾ പ്രേമികൾ.
അതിനിടെ ഹയ്യാകാര്‍ഡ് ഇല്ലാത്തവര്‍ക്കും ബിഗ് സ്ക്രീനില്‍ ലോകകപ്പ് കാണാനുള്ള സൗകര്യമൊരുക്കി അധികൃതര്‍. ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് ഫാന്‍ സോണ്‍ ഒരുക്കിയിരിക്കുന്നത്. എല്ലാദിവസവും വൈകിട്ട് നാല് മുതല്‍ രാത്രി 10 വരെയാണ് ഫാന്‍ സോണ്‍ പ്രവര്‍ത്തിക്കുന്നത്.
ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയും വര്‍ക്കേഴ്സ് വെല്‍ഫയര്‍ ഇന്‍ഷുറന്‍സ് ഫണ്ടും ചേര്‍ന്നാണ് ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് നമ്പര്‍ 55 ല്‍ ഫാന്‍ സോണ്‍ ഒരുക്കിയിരിക്കുന്നത്. വൈകിട്ട് നാല് മുതല്‍ രാത്രി പത്തുവരെ പ്രവര്‍ത്തിക്കുന്ന ഫാന്‍ സോണില്‍ കളിയാസ്വദിക്കാനായി നിരവധി പേരാണ് എത്തുന്നത്.
സാധാരണക്കാരായ തൊഴിലാളികള്‍ക്ക് കൂടി ലോകകപ്പ് ആരവങ്ങളുടെ ഭാഗമാകാനുള്ള അവസരം കൂടിയായി ഈ ഫാന്‍ സോണ്‍. മത്സരങ്ങളുടെ ഇടവേളകളിലും കളിയില്ലാത്ത ദിവസങ്ങളിലും വിവിധ കലാപരിപാടികള്‍ക്കും ഫാന്‍സോണ്‍ വേദിയാകുന്നു. ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കലാ പ്രകടനങ്ങളാണ് ഇവിടെ അരങ്ങേറുന്നത്. ഫാന്‍ സോണിലെത്തുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും നല്‍കുന്നുണ്ട്. ഫ്രീ വൈ-ഫൈ, പ്രമേഹം, പ്രഷര്‍ എന്നിവ പരിശോധിക്കാനുള്ള സൗകര്യം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല