സ്വന്തം ലേഖകൻ: ലോകകപ്പിന് ഏതാനും ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ മത്സര ടിക്കറ്റുകളുടെ ഓവർ ദ് കൗണ്ടർ വിൽപന ഇന്ന് തുടങ്ങും. ഇതുവരെ 2.89 ദശലക്ഷം ലോകകപ്പ് ടിക്കറ്റുകൾ വിറ്റഴിച്ചതായി ഫിഫ അധികൃതർ വ്യക്തമാക്കി.
വെസ്റ്റ് ബേയിലെ ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ (ഡിഇസിസി) ആണ് ടിക്കറ്റ് വിൽപനയ്ക്കായുള്ള 2 സെന്ററുകളിലെ ആദ്യ സെന്റർ തുറക്കുന്നതെന്ന് ഫിഫ ലോകകപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ കോളിൻ സ്മിത്ത് ദോഹയിൽ വാർത്താസമ്മേളനത്തിൽ വിശദമാക്കി.
ഇതുവരെ 2.89 ദശലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഏറ്റവും കൂടുതൽ ടിക്കറ്റ് വാങ്ങിയ രാജ്യങ്ങളിൽ ഖത്തർ ആണ് മുൻപിൽ. മൊത്തം വിൽപനയുടെ 37 ശതമാനവും ഖത്തറിലാണ്. രണ്ടാമത് യുഎസ്, മൂന്നാമത് സൗദി എന്നിവയാണ്. ഇംഗ്ലണ്ട്, മെക്‌സിക്കോ, യുഎഇ, അർജന്റീന, ഫ്രാൻസ്, ബ്രസീൽ, ജർമനി എന്നിവയാണ് ആദ്യ പത്തിൽ ഇടം നേടിയ മറ്റ് രാജ്യങ്ങൾ.
ഫിഫയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അവസാനഘട്ട വിൽപനയാണ് നിലവിൽ പുരോഗമിക്കുന്നത്. ലോകകപ്പ് ഫൈനൽ ദിനമായ ഡിസംബർ 18 വരെ അവസാന വട്ട വിൽപന തുടരും. നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് ഖത്തറിന്റെ 8 സ്‌റ്റേഡിയങ്ങളിലായി ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.
ലോകകപ്പിനെത്തുന്ന വിവിധ രാജ്യക്കാരായ കാണികൾക്ക് കോൺസുലാർ സേവനം ഉറപ്പാക്കാൻ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ 45 രാജ്യങ്ങളുടെ എംബസികൾ പ്രവർത്തിക്കുമെന്ന് സുപ്രീം കമ്മിറ്റി ഡയറക്ടർ ജനറൽ യാസിർ ജമാൽ അറിയിച്ചു. 45 എംബസികളുടെ 90 ജീവനക്കാരുടെ സേവനം ഇന്റർനാഷനൽ കോൺസുലാർ സർവിസ് സെന്ററിൽ ലഭ്യമാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നവംബർ ഒന്ന് മുതൽ ഡിസംബർ 25 വരെയാണ് കോൺസുലാർ സേവനങ്ങൾ ലഭ്യമാവുക. ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ കോൺസുലാർ സെന്റർ പ്രവർത്തിക്കും. കാണികൾക്ക് തങ്ങളുടെ പാസ്പോർട്ട്, യാത്ര ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് ഐ.സി.എസ്.സിയിലെ എംബസികളെ സമീപിക്കാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല