സ്വന്തം ലേഖകൻ: ഫിഫ ഖത്തര്‍ ലോകകപ്പിന്റെ രണ്ടാം ഘട്ട റാന്‍ഡം സെലക്ഷന്‍ ഡ്രോയിലൂടെ ടിക്കറ്റിന് യോഗ്യരായവര്‍ക്ക് പണം അടച്ച് ടിക്കറ്റ് സ്വന്തമാക്കാനുള്ള സമയപരിധി നീട്ടി. നേരത്തെ ഇന്ന് ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 12.00 വരെയാണ് പണം അടയ്ക്കാന്‍ സമയം അനുവദിച്ചിരുന്നത്. എന്നാല്‍ സമയം നീട്ടിയതായി ഫിഫ അധികൃതര്‍ വെബ്‌സൈറ്റില്‍ അറിയിച്ചു.
അതേസമയം, എന്നു വരെയാണ് പുതിയ സമയപരിധിയെന്നത് പിന്നീട് പ്രഖ്യാപിക്കും. ഇതു സംബന്ധിച്ച് ഫിഫയുടെ വെബ്‌സൈറ്റിലൂടെയും ടിക്കറ്റിന് യോഗ്യരായവരെ ഇ-മെയില്‍ മുഖേനയും അറിയിക്കും. ഏപ്രില്‍ 4 മുതല്‍ 28 വരെ നടന്ന ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള രണ്ടാം ഘട്ട റാന്‍ഡം സെലക്ഷന്‍ ഡ്രോയില്‍ 2.35 കോടി അപേക്ഷകളാണ് ലഭിച്ചത്. മേയ് 31 മുതലാണ് പണം അടച്ച് ടിക്കറ്റ് സ്വന്തമാക്കാനുള്ള സമയം അനുവദിച്ചത്.
പണം അടച്ച് ടിക്കറ്റ് നേടിയ എല്ലാവരും നിര്‍ബന്ധമായും ഹയ കാര്‍ഡിന് അപേക്ഷ നല്‍കണം. ഖത്തറിലെ താമസക്കാര്‍ക്കും മത്സരം കാണാന്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ ഹയ കാര്‍ഡ് നിര്‍ബന്ധമാണ്. വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ മാത്രമല്ല രാജ്യത്തേയ്ക്കുള്ള പ്രവേശന വീസ കൂടിയാണ് ഹയ കാര്‍ഡ്. ഹയ കാര്‍ഡ് ഡിജിറ്റല്‍ ആയി തന്നെ ലഭിക്കും. ഹയ കാര്‍ഡിന് അപേക്ഷിക്കാന്‍: https://hayya.qatar2022.qa/
ഫിഫ വെബ്സൈറ്റ്: https://www.fifa.com/tournaments/mens/worldcup/qatar2022/tickest)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല