സ്വന്തം ലേഖകൻ: ‘ഇന്ന് എനിക്ക് ഞാനൊരു ഖത്തരിയാണെന്ന് തോന്നുന്നു, ഞാന് അറബ് ആണെന്ന് തോന്നുന്നു. ഒരു ആഫ്രിക്കന് ആണെന്ന് തോന്നുന്നു. ഞാനൊരു സ്ത്രീയാണെന്ന് തോന്നുന്നു. ഇന്ന് എനിക്ക് സ്വവർഗാനുരാഗിയായി തോന്നുന്നു. ഇന്ന് ഭിന്നശേഷിക്കാരനാണെന്ന് തോന്നുന്നു. ഇന്ന് ഒരു കുടിയേറ്റ തൊഴിലാളിയായി തോന്നുന്നു.’- ഖത്തറിന്റെ ലോകകപ്പ് ആതിഥേയത്വത്തിനെതിരേ ഉയര്ന്ന വിമര്ശനങ്ങൾ തള്ളി ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫാന്റിനോ ഇന്നലെ നടത്തിയ വാർത്താസമ്മേളനം തുടങ്ങിയത് ഇങ്ങനെ പറഞ്ഞു കൊണ്ടാണ്.
സ്വവര്ഗാനുരാഗികൾക്കും കുടിയേറ്റ തൊഴിലാളികൾക്കുമെതിരേ ഖത്തർ വിവേചനപരമായി പെരുമാറുന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഫിഫ പ്രസിഡന്റിന്റെ പരാമര്ശം. ലോകകപ്പ് കിക്കോഫിന് ഏതാനും മണിക്കൂറുകൾ മുമ്പ് അദ്ദേഹം നടത്തിയ ഒരു മണിക്കൂറിലേറെ നീണ്ട വാർത്താസമ്മേളനത്തിൽ പടിഞ്ഞാറന് രാജ്യങ്ങൾക്കെതിരേ ആഞ്ഞടിച്ചു. മറ്റ് രാജ്യങ്ങൾക്ക് ധാർമ്മിക പാഠങ്ങൾ നല്കാന് പാശ്ചാത്യ രാജ്യങ്ങൾ വളര്ന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യാവകാശ ലംഘനങ്ങളുടെയും കുടിയേറ്റ തൊഴിലാളികളോടുള്ള വിവേചനത്തിന്റെയും പേരില് ഖത്തറിനെ ഉപദേശിക്കുന്നവര് തികഞ്ഞ കാപട്യമാണ് കാണിക്കുന്നതെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫാന്റിനോ കുറ്റപ്പെടുത്തി. ഖത്തറിനെതിരെ വിരല് ചൂണ്ടുന്നതിന് മുമ്പ് യൂറോപ്പ് തങ്ങളുടെ മുന്കാല കുറ്റകൃത്യങ്ങളെ കുറിച്ച് ആലോചിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
‘ഞാന് യൂറോപ്യൻ ആണ്. കഴിഞ്ഞ 3,000 വര്ഷമായി നമ്മള് യൂറോപ്യൻമാര് ലോകമെമ്പാടും ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളില്, അടുത്ത 3,000 വര്ഷത്തേക്ക് ക്ഷമാപണം നടത്തേണ്ടിവരും. മറ്റുള്ള ആളുകൾക്ക് ധാർമ്മിക പാഠങ്ങൾ നല്കുന്നത് അത് കഴിഞ്ഞു മതി’- നൂറുകണക്കിന് മാധ്യമപ്രവർത്തകർ പങ്കെടുത്ത വാര്ത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഖത്തർ ഏറെ പുരോഗതി കൈവരിച്ചതായും ഇന്ഫാന്റിനോ പറഞ്ഞു.
‘ആറു വര്ഷം മുമ്പ് ഞാന് ഇവിടെ വന്നിരുന്നു, എന്റെ ആദ്യ കൂടിക്കാഴ്ചയില് തന്നെ കുടിയേറ്റ തൊഴിലാളികളുടെ കാര്യം ഞാന് നേരിട്ട് ചര്ച്ച ചെയ്തതാണ്’. എന്നാല് ഖത്തറില് നിന്നും മേഖലയിലെ മറ്റ് രാജ്യങ്ങളില് നിന്നും കോടിക്കണക്കിന് ഡോളര് സമ്പാദിച്ച യൂറോപ്യൻ, പാശ്ചാത്യ ബിസിനസ് സ്ഥാപനങ്ങളില് ആരെങ്കിലും കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഖത്തറുമായി സംസാരിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഒരു കമ്പനി പോലും ഈ പ്രശ്നം അഭിസംബോധന ചെയ്യാൻ മുന്നോട്ടുവന്നിട്ടില്ല എന്നതാണ് ഉത്തരമെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങൾ നിർമ്മിച്ച കുടിയേറ്റ തൊഴിലാളികൾ കഠിനമായ സാഹചര്യങ്ങളില് ദീര്ഘനേരം ജോലി ചെയ്യുകയും വിവേചനങ്ങൾക്കും ചൂഷണങ്ങൾക്കും വിധേയരാവുകയും ചെയ്തതായും സ്വവർഗരതിക്കാര്ക്കെതിരായ ഖത്തറിന്റെ നിലപാടിനെതിരേയും ഉയരുന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഫിഫ പ്രസിഡന്റിന്റെ കടന്നാക്രമണം. യൂറോപ്പില് എത്ര പേര് സ്വവർഗാനുരാഗികൾ ആയതിന്റെ പേരില് നേരത്തേ കേസെടുത്തിട്ടുണ്ടെന്ന് അദ്ദേഹം ചോദിച്ചു.
അടുത്ത തലമുറ വരെ യൂറോപ്യൻ രാജ്യങ്ങളിലും ഖത്തറിലേതിന് സമാനമായ നിയമങ്ങളുണ്ടായിരുന്നു. മാറ്റങ്ങൾ ഒരു തുടര് പ്രക്രിയയാണ്. അക്കാര്യം ആരും മറന്നുപോവരുതെന്നും അദ്ദേഹം ഓര്മിപ്പിച്ചു. തന്റെ രാജ്യമായ സ്വിറ്റ്സര്ലന്ഡിലെ ഒരു മേഖലയില് സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചത് 1990കളില് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെയും മറ്റും അവകാശങ്ങളെ കുറിച്ചു പറയുന്ന പടിഞ്ഞാറന് രാജ്യങ്ങൾ പല കാര്യങ്ങളിലും എടുക്കുന്ന നിലപാടുകളിലെ കാപട്യത്തെയും അദ്ദേഹം വാര്ത്താസമ്മേളനത്തിൽ തുറന്നുകാട്ടി. കഴിഞ്ഞ വര്ഷം താലിബാന് അഫ്ഗാനിസ്ഥാനില് ഭരണം പിടിച്ചപ്പോള് അവിടെ നിന്ന് ഖത്തറും ഫിഫയും ചേര്ന്ന് രക്ഷപ്പെടുത്തിയ ഫുട്ബോള് കളിക്കാരായ പെണ്കുട്ടികളെയും സ്ത്രീകളെയും സ്വാഗതം ചെയ്യാൻ ഈ പറയുന്ന യൂറോപ്യൻ, വടക്കേ അമേരിക്കന് രാജ്യങ്ങളാരും തങ്ങളുടെ അതിര്ത്തി തുറന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇക്കാര്യത്തിൽ അൽബേനിയ മാത്രമാണ് മുന്നോട്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. പല പടിഞ്ഞാറന് രാജ്യങ്ങളും കുടിയേറ്റ തൊഴിലാളികൾക്കെതിരേ വാതിലുകൾ കൊട്ടിയടക്കുമ്പോള് അവര്ക്ക് തൊഴിലും മികച്ച ജീവിതവും നല്കുന്ന രാജ്യമാണ് ഖത്തറെന്നും ഇക്കാര്യത്തിൽ ഖത്തറിനെ ധാർമികത പഠിപ്പിക്കാൻ വരുന്നത് കാപട്യമാണെന്നും അദ്ദേഹം തുറന്നടിച്ചു.
ഖത്തറിനെതിരേ നടക്കുന്ന ക്യാംപയിന്റെ ഭാഗമായി കമ്പനികൾ ലോകകപ്പ് ബഹിഷ്കരിക്കണമെന്ന് ചിലര് ഉന്നയിച്ച ആവശ്യത്തിന് ഫലം കണ്ടില്ലെന്നും ഫിഫ പ്രസിഡന്റ് വ്യക്തമാക്കി. ഖത്തർ ലോകകപ്പ് വാണിജ്യപരമായി വന് വിജയമായിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോകകപ്പിനേക്കാൾ ഏകദേശം 200 മില്യണ് ഡോളറിനാണ് ഫിഫ ഖത്തർ ലോകകപ്പിന്റെ മാധ്യമ അവകാശങ്ങൾ വിറ്റത്.
കഴിഞ്ഞ ലോകകപ്പിനേക്കാൾ ഏകദേശം 200 മില്യണ് ഡോളറിന് സ്പോണ്സര്ഷിപ്പ് അവകാശങ്ങൾ വിറ്റതായും അദ്ദേഹം പറഞ്ഞു. ടിക്കറ്റിംഗ്, ഹോസ്പിറ്റാലിറ്റി അവകാശങ്ങളെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ ലോകകപ്പിനേക്കാൾ 200 മുതല് 300 ദശലക്ഷം ഡോളര് വരെ ഇത്തവണ കൂടുതല് ലഭിച്ചതായും അദ്ദേഹം അറിയിച്ചു. ‘ദോഹ തയ്യാറാണ്. ഖത്തർ തയ്യാറാണ്. തീര്ച്ചയായും ഇത് എക്കാലത്തെയും മികച്ച ലോകകപ്പായിരിക്കും,’ അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല