
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പ് മത്സരങ്ങള്‍ കാണാനെത്തുന്ന ലക്ഷക്കണക്കിന് ഫുട്‌ബോള്‍ ആരാധകരെ വരവേല്‍ക്കാന്‍ വിപുലമായ ഗതാഗത സംവിധാനങ്ങളൊരുക്കി ഖത്തര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പറന്നെത്തുന്ന യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങളുമായി ദോഹ അന്താരാഷ്ട്ര വിമാനത്താവളം സജ്ജമായിക്കഴിഞ്ഞു.
ഖത്തറിലേക്കുള്ള പ്രധാന കരമാര്‍ഗമായ അബൂസംറ അതിര്‍ത്തിയിലും ഒരേസമയം ആയിരക്കണക്കിന് യാത്രക്കാരെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഖത്തറില്‍ എത്തിയ ശേഷമുള്ള ഫുട്‌ബോള്‍ ആരാധകരുടെ യാത്രക്കായി സ്‌റ്റേഡിയങ്ങളിലേക്കും മറ്റ് പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കും ദോഹ മെട്രോ ഉള്‍പ്പെടെയുള്ള വിപുലമായ ഗതാഗത സംവിധാനമാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.
ലോകകപ്പിനായി പുതുമോടിയില്‍ അണിയിച്ചൊരുക്കിയ ദോഹ അന്താരാഷ്ട്ര വിമാനത്താവളം ഇന്നു മുതല്‍ സജീവമാകും. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പഴയ വിമാനത്താവളം നവീകരിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 13 എയര്‍ലൈന്‍സുകള്‍ ഇന്നു മുതല്‍ ദോഹ ഇന്റര്‍നേഷനല്‍ എയര്‍പോര്‍ട്ടിലേക്കായിരിക്കും സര്‍വീസ് നടത്തുകയെന്ന് ഖത്തര്‍ എയര്‍പോര്‍ട്ട് ഓപറേഷന്‍ ആന്റ് മാനേജ്‌മെന്റ് അധികൃതര്‍ അറിയിച്ചു.
എയര്‍ അറേബ്യ, എയര്‍ കെയ്‌റോ. ഫ്‌ളൈദുബൈ, ഹിമാലയ എയര്‍ലൈന്‍സ്, ജസീറ എയര്‍വെയ്‌സ്, നേപ്പാള്‍ എയര്‍ലൈന്‍സ്, പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്, സലാം എയര്‍ തുടങ്ങി 13 വിമാനക്കമ്പനികളുടെ ദോഹയിലേക്കുള്ള വരവും പോക്കും ഇനി ദോഹ രാജ്യാന്തര വിമാനത്താവളം വഴിയായിരിക്കും. ലോകകപ്പ് വേദികളില്‍ നിന്ന് 30 മിനിറ്റ് മാത്രം യാത്രാ ദൂരെയാണ് വിമാനത്താവളം.
ആഗമന, നിര്‍ഗമന ടെര്‍മിനലുകളില്‍ നിശ്ചിത ഫീസോടൈ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ലോകകപ്പിന് വിവിധ രാജ്യങ്ങളില്‍ നിന്നായി ദശലക്ഷം കാണികളാണ് ഖത്തറിലേക്ക് വരാനിരിക്കുന്നത്. ഇവരെ വരവേല്‍ക്കുന്നതിനായാണ് ഓള്‍ഡ് എയര്‍പോര്‍ട്ട് അത്യാധുനിക സൗകര്യങ്ങളോടെ വിപുലീകരിച്ചിരിക്കുന്നത്.
റോഡ് മാര്‍ഗം ഖത്തറിലെത്തുന്ന ലോകകപ്പ് ആരാധകരുടെ യാത്ര സുഗമമാക്കുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് സൗദി അതിര്‍ത്തിയിലുള്ള അബൂ സംറ ബോര്‍ഡര്‍ ക്രോസിംഗില്‍ അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. ഇതുവഴി മണിക്കൂറില്‍ 4,000 യാത്രക്കാര്‍ക്ക് രാജ്യത്തേക്ക് കടന്നുവരാവുന്ന രീതിയിലുള്ള സൗകര്യങ്ങള്‍ ഇവിടെ സജ്ജീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി അബു സംറ ചെക്ക്പോസ്റ്റില്‍ 5,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള രണ്ട് പുതിയ കെട്ടിടങ്ങള്‍ കൂടി നിര്‍മിച്ചിട്ടുണ്ടെന്ന് ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസിലെ ലാന്‍ഡ് കസ്റ്റംസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ യൂസഫ് അഹമ്മദ് അല്‍ ഹമ്മാദി പറഞ്ഞു. യാത്രക്കാരുടെ പ്രവേശന പ്രക്രിയ വേഗത്തിലാക്കാന്‍ ഇവിടെ അത്യാധുനിക ഉപകരണങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
മുഴുവൻ ഗതാഗത സംവിധാനങ്ങളെയും ഒരു കുടക്കീഴിലെത്തിക്കുന്ന ‘സില’യുടെ ഓപറേഷൻ സെന്‍റർ ഗതാഗത മന്ത്രി ജാസിം സൈഫ് അഹമ്മദ് അൽ സുലൈതി ഉദ്ഘാടനം ചെയ്തു. മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇ, അശ്ഗാൽ പ്രസിഡന്‍റ് ഡോ. എൻജി. സഅദ് ബിൻ അഹമ്മദ് അൽ മുഹമ്മദി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഖത്തറിന്‍റെ പൊതുഗതാഗത സംവിധാനങ്ങളെയെല്ലാം ഒരു ശൃംഖലയിലേക്ക് ചേർക്കുന്ന ‘സില’ ആപ്ലിക്കേഷനും വെബ്സൈറ്റും ഉൾപ്പെടെയുള്ള മുഴുവൻ പ്രവർത്തനങ്ങളുടെയും ഏകോപനമാണ് ഓപറേഷൻ സെന്‍ററിന്‍റെ ലക്ഷ്യം. ബ്രാൻഡ് മാനേജ്മെന്‍റ്, വേ ഫൈൻഡിങ്, ഇലക്ട്രോണിക് ടിക്കറ്റിങ് ഹബ്, പേമെന്‍റ് സിസ്റ്റം, സെൻട്രൽ ക്ലിയറിങ് ഹൗസ്, ടെസ്റ്റിങ് അതോറിറ്റി എന്നിവ സെന്‍ററിനു കീഴിൽ വരും. ഉദ്ഘാടന ശേഷം മന്ത്രിമാരും ഉദ്യോഗസ്ഥരും സില സെന്‍ററിലെ വിവിധ സെക്ഷനുകൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.
നാഷനൽ ട്രാൻസ്പോർട്ട് കോഓഡിനേഷൻ സെന്‍റർ, ലാൻഡ് ട്രാൻസ്പോർട്ട് സേഫ്റ്റി കമ്മിറ്റി എന്നിവയുടെ കൂടി അനുബന്ധമായാവും സിലയുടെ ഓപറേഷൻ സെന്‍ററിന്‍റെ പ്രവർത്തനം. രാജ്യത്തെ ഗതാഗത സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിച്ച്, യാത്രക്കാരന് വിവരങ്ങൾ നൽകുന്നതിനായി സില ആപ്ലിക്കേഷൻ നേരത്തെ പ്രവർത്തനസജ്ജമായിരുന്നു. യാത്ര എളുപ്പവും സ്മാർട്ടും കൂടുതൽ സൗകര്യപ്രദവുമാക്കുന്നതിനായുള്ള നിരവധി പ്രവർത്തനങ്ങളാണ് ആപ്പിലും വെബ്സൈറ്റിലും രൂപകൽപന ചെയ്തിരിക്കുന്നത്.
വ്യത്യസ്ത ഗതാഗതരീതികൾ സംയോജിപ്പിച്ച് രാജ്യത്തുടനീളമുള്ള യാത്ര സൗകര്യപ്രദവും കാര്യക്ഷമവുമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ‘സില’ക്ക് രൂപം നൽകിയത്. ഖത്തർ റെയിൽവേസ് കമ്പനി, മുവാസലാത്ത് (കർവ), ഖത്തർ ഫൗണ്ടേഷൻ, മുശൈരിബ് പ്രോപ്പർട്ടീസ് തുടങ്ങിയ പൊതുഗതാഗത ദാതാക്കളുമായി സഹകരിച്ചാണ് ‘സില’ തയാറാക്കിയിട്ടുള്ളത്. മെട്രോ, ബസ്, ട്രാം, ടാക്സി എന്നിവയാണ് സിലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ എല്ലാ യാത്രാസംവിധാനങ്ങളും ഒരു ശൃംഖലയിൽ ഒന്നിക്കുന്നതോടെ, പൗരന്മാർ, താമസക്കാർ, സഞ്ചാരികൾ ഉൾപ്പെടെ എല്ലാ വിഭാഗം യാത്രക്കാർക്കും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തൽ എളുപ്പമാവുമെന്ന് ഗതാഗത മന്ത്രാലയം ടെക്നികൽ വിഭാഗം ഡയറക്ടർ ശൈഖ് മുഹമ്മദ് ബിൻ ഖാലിദ് ആൽഥാനി പറഞ്ഞു. നിലവിൽ ഉൾപ്പെടുത്തിയ മെട്രോ, ബസ്, ട്രാം, ടാക്സി സംവിധാനങ്ങൾക്ക് പുറമെ, മറ്റു സേവനങ്ങൾകൂടി ഉൾപ്പെടുന്നതോടെ ഭാവിയിൽ യാത്രക്ക് ഏറ്റവും വലിയ കൂട്ടായി സില മാറുമെന്നും അദ്ദേഹം വിശദീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല