സ്വന്തം ലേഖകൻ: സാധാരണ വേഷത്തിലുള്ള ഗൾഫിലെ ഭരണാധികാരികളുടെ ചിത്രം വൈറലായി. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരൻ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരാണു ചിത്രത്തിൽ.
പരമ്പരാഗത വേഷവിധാനമോ, ഔദ്യോഗിക പരിവേഷമോ ഇല്ലാതെയാണ് മധ്യപൂർവ ദേശത്തെ കരുത്തർ സൗഹൃദ കൂടിക്കാഴ്ച നടത്തിയത്. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഷോർട്സും കാഷ്വൽ ഷേർട്ടും മറ്റു രണ്ടു പേരും ഷോർട്സും ടി ഷേർട്ടുമായിരുന്നു ധരിച്ചിരുന്നത്.
സൗദി കിരീടാവകാശിയുടെ പ്രൈവറ്റ് ഒാഫിസ് ഡയറക്ടർ ബദർ അൽ അസാകർ ആണ് ട്വിറ്ററിലൂട ചിത്രം പുറത്തുവിട്ടത്. സൗദിയിലെ ചെങ്കടൽ തീരത്ത് സൗഹൃദ കൂടിക്കാഴ്ച നടത്തുകയായിരുന്നു മുഹമ്മദ് ബിൻ സൽമാൻ, ഷെയ്ഖ് തമീം ബിൻ ഹമദ്, ഷെയ്ഖ് തഹ്നൂൻ ബിൻ സായിദ് എന്നിവർ എന്ന് അദ്ദേഹം കുറിച്ചു. ചിത്രം സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കാൻ ഏറെ സമയം വേണ്ടി വന്നില്ല.
ഒട്ടേറെ പേർ ചിത്രം പങ്കുവക്കുകയും രസകരമായ കമൻ്റുകൾ പാസാക്കുകയും ചെയ്തു. സൗദി അറേബ്യയും ഖത്തറും നാലു വർഷം നീണ്ട പിണക്കങ്ങൾ മറന്ന് അൽ ഉല ജിസിസി ഉച്ചകോടിയിൽ ഒന്നിച്ചിരുന്നു. ഇതിന് ശേഷം ആദ്യമായാണ് ഖത്തർ ഭരണാധികാരി സൗദിയിലെത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല