സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആഡംബര കപ്പല്‍ കൊച്ചിയിലെത്തുന്നു. റോയല്‍ കരീബിയന്‍ ഇന്റര്‍നാഷനലിന്റെ ക്വാണ്ടം ഓഫ് സീസ് എന്ന ആഡംബര കപ്പലാണ് യാത്രക്കിടയില്‍ കൊച്ചി സന്ദര്‍ശിക്കുക.
4500 യാത്രക്കാരുമായി ലോകം ചുറ്റുന്ന ഒഴുകുന്ന കൊട്ടാരമായ ക്വാണ്ടം ഓഫ് സീസ് ഇപ്പോള്‍ മസ്‌കറ്റിലാണുള്ളത്. സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പല്‍ സന്ദര്‍ശകര്‍ക്ക് വിസ്മയങ്ങള്‍ തീര്‍ക്കുകയാണ്.
1141 അടി നീളവും, 136 അടി വീതിയുമായി 16 നിലകളില്‍ ഒഴുകി നടക്കുന്ന കൊട്ടാരമാണ് ക്വാണ്ടം ഓഫ് സീസ്. അകത്തുകയറിലാകട്ടെ ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിനകത്ത് പെട്ടുപോയ പ്രതീതിയും. സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ലോകത്തെ ആദ്യ സ്മാര്‍ട്ട് കപ്പല്‍ കൂടിയാണ് ക്വാണ്ടം ഓഫ് സീസ്.
അകത്തെ ബയോണിക് ബാറില്‍ പാനീയങ്ങള്‍ വിളമ്പുന്നത് വരെ റോബോട്ടുകളാണ്. കപ്പലിന്റെ മുകളില്‍ നിന്ന് ആകാശത്തേക്ക് ഉയര്‍ന്ന് 360 ഡിഗ്രിയില്‍ കടല്‍കാഴ്ചകള്‍ കാണാന്‍ നോര്‍ത്ത് സ്റ്റാര്‍ സംവിധാനം, സ്‌കൈ ഡൈവിങ് സാഹസികര്‍ക്ക് അതേ അനുഭവം കപ്പലില്‍ ആസ്വദിക്കാനുള്ള സിമുലേറ്റര്‍ എന്നിവയാണ് ക്വാണ്ടം ഓഫ് സീസിന് മാത്രമായുള്ള മറ്റു പ്രത്യേകതകള്‍.
ഒമാന്‍ ടൂറിസം മന്ത്രാലയവും വില്‍സ്‌മെന്‍ ഷിപ്പ്‌സ് സര്‍വീസുമാണ് കപ്പല്‍ മസ്‌കത്തിലെത്തിച്ചത്. 2014 ആഗസ്റ്റില്‍ നീറ്റിലിറക്കിയ ഈ കപ്പലില്‍ 18 റസ്റ്റോറന്റുകളിണ്ട്. കളിക്കാനും കുളിക്കാനും നാടകം കാണാനും ഉല്ലസിക്കാനുമുള്ള സൗകര്യങ്ങള്‍ വേറെയും. കൊച്ചിയിലേക്ക് യാത്ര തിര്‍ക്കാനുള്ള ഒരുക്കത്തിലാണ് ഈ ഒഴുകുന്ന കൊട്ടാരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല