രാജ്യത്തെ ജനങ്ങളുടെ സ്‌നേഹം തന്നെ വല്ലാതെ സ്പര്‍ശിച്ചതായി എലിസബത്ത് രാജ്ഞി. ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ സമാപനത്തെ തുടര്‍ന്ന് ഒരു ടെലിവിഷന്‍ സംപ്രേക്ഷണത്തിലൂടെയാണ് രാജ്ഞി തന്റെ നന്ദി പ്രകാശിപ്പിച്ചത്. ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഓരോ ഘട്ടത്തിലും ആയിരങ്ങളാണ് തെരുവുകളില്‍ ആവേശത്തിരകളുയര്‍ത്തിയത്. ഈ സ്‌നേഹവും കരുതലും തന്നെ വിനായാന്വിതയാക്കുന്നുവെന്നും ഒപ്പം വരും വര്‍ഷങ്ങളിലെ തന്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ നിമിഷങ്ങളാണ് ഈ ആഘോഷം സമ്മാനിച്ചതെന്നും രാജ്ഞി പറഞ്ഞു.
ബ്രിട്ടനിലേയും കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലേയും ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് രാജ്ഞിയുടെ നന്ദി പ്രസംഗം ആരംഭിക്കുന്നത്. വൈകുന്നേരം ആറ് മണിക്ക് നടത്തിയ പ്രസംഗം രണ്ട് മിനിട്ട് മാത്രമേ നീണ്ടുനിന്നുളളു. കഴിഞ്ഞ ദിവസം രാത്രി നടന്ന ജൂബിലി കണ്‍സേര്‍ട്ടിന് മുന്‍പ് തന്നെ ബക്കിംഗ്ഹാം പാലസിലെ പ്രസന്‍സ് റൂമില്‍ വച്ച് പ്രസംഗം റെക്കോര്‍ഡ് ചെയ്തിരുന്നു.
ഞയറാഴ്ച നടന്ന രാജ്ഞിയുടെ തേംസ് നദിയിലൂടെയുളള ഘോഷയാത്രയിലൂടെ ജനങ്ങളുടെ ആവേശം കെട്ടടങ്ങുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഡയമണ്ട് ജൂബിലിയുടെ ഓരോ നിമിഷവും ജനങ്ങള്‍ ആഘോഷിക്കുക തന്നെയായിരുന്നുവെന്നാണ് പിന്നീടുളള ദിവസങ്ങളില്‍ തെരുവുകളില്‍ ഒത്തുകൂടിയ ജനക്കൂട്ടം കാണിച്ചുതന്നത്. ജൂബിലി ആഘോഷങ്ങളുടെ അവസാനദിനമായ ഇന്നലെ സെന്റ് പോള്‍സ് കത്തിഡ്രലില്‍ നടന്ന് താങ്ക്‌സ് ഗിവിങ്ങ് സര്‍വ്വീസ് കാണാന്‍ ലക്ഷക്കണക്കിന് ജനങ്ങളാണ് വഴികളുടെ ഇരുവശവും തടിച്ച് കൂടിയത്.
മാളും ട്രാഫാള്‍ഗര്‍ സ്‌ക്വയറും അനുവദനീയമായതിലും കൂടുതല്‍ ആളുകളെ കൊണ്ട് നിറഞ്ഞതിനാല്‍ പോലീസ് പിന്നീടാരേയും അകത്തേക്ക് കയറ്റിവിട്ടില്ല. ചിലനേരം ജനക്കൂട്ടത്തിന്റെ ആവേശത്തിനൊപ്പം പോലീസുകാരും ബഹളം വെയ്ക്കുന്നത് കാണാമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല