സ്വന്തം ലേഖകന്‍: കിരീടധാരണത്തിന്റെ 65 മത് വാര്‍ഷികം ആഘോഷിച്ച് ബ്രിട്ടീഷ് രാജ്ഞി. എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണം നടന്നിട്ട് തിങ്കളാഴ്ച 65 വര്‍ഷം പൂര്‍ത്തിയായി. പിതാവ് ജോര്‍ജ് നാലാമന്‍ ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് മരണപ്പെട്ടപ്പോള്‍ 1952 ഫെബ്രുവരി ആറിനാണ് എലിസബത്ത് ബ്രിട്ടന്റെ രാജ്ഞിയായി വാഴിക്കപ്പെട്ടത്. 2002 ല്‍ കിരീടധാരണത്തിന്റെ 50 ആം വാര്‍ഷികവും 2013 ല്‍ 60 ആം വാര്‍ഷികവും രാജ്ഞി ആഘോഷിച്ചിരുന്നു.
കിരീടധാരണത്തിന്റെ 65 ആം വാര്‍ഷികത്തില്‍ എലിസബത്ത് രാജ്ഞിക്ക് ആദരമര്‍പ്പിച്ച് ലണ്ടനില്‍ പീരങ്കി പട്ടാളം 41 ആചാര വെടിയുതിര്‍ത്തു. പിതാവ് ജോര്‍ജ് നാലാമന്‍ വിവാഹ സമ്മാനമായി നല്‍കിയ വസ്ത്രം ധരിച്ചാണ് 65 ആം വാര്‍ഷികാഘോഷവേളയില്‍ എലിസബത്ത് രാജ്ഞി പ്രത്യക്ഷപ്പെടുക.
90 കാരിയായ രാജ്ഞി വിദേശ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഔദ്യോഗിക ജോലികളില്‍ സജീവമാണ്. എല്ലാ ദിവസത്തേയും പോലെ തിങ്കളാഴ്ചയും കിഴക്കന്‍ ഇംഗ്ലണ്ടിലെ സാന്‍ട്രിങ്ഹാമിലുള്ള വസതിയില്‍ തന്നെ എലിസബത്ത് രാജ്ഞി ചെലവഴിച്ചതായി അവരുടെ ഓഫീസ് അറിയിച്ചു.
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പാരമ്പര്യമനുസരിച്ച് അടുത്ത കിരീടാവകാശി എലിസബത്ത് രാജ്ഞിയുടെ മകന്‍ ചാള്‍സ് രാജകുമാരനാണ്. തുടര്‍ന്ന് ചാള്‍സ്ഡയാന ദമ്പതികളുടെ മൂത്ത മകനായ മകന്‍ വില്യം രാജകുമാരനും വില്യമിന്റെ രണ്ട് മക്കളാ!യ ജോര്‍ജും ചാര്‍ലറ്റുമായിരിക്കും കിരീടാവകാശികള്‍.
ലോകചരിത്രത്തിലെ രാജഭരണത്തിന്റെ റെക്കോര്‍ഡുകള്‍ ഓരോന്നായി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്താണ് എലിസബത്ത് രാജ്ഞി 65 ആം വര്‍ഷത്തിലേക്ക് എത്തുന്നത്. ലോകത്തെ ഏറ്റവും പ്രായംചെന്ന രാഷ്ട്രത്തലവിയും ജീവിച്ചിരിക്കുന്ന രാജഭരണകര്‍ത്താക്കളില്‍ ഏറെക്കാലമായി അധികാരത്തില്‍ ഇരിക്കുന്നയാളുമാണ് രാജ്ഞി. അടുത്തിടെ അന്തരിച്ച തായ്!ലന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യതേജ് ആയിരുന്നു ലോകത്ത് ഏറ്റവും കൂടുതല്‍കാലം അധികാരത്തിലിരുന്ന രാജാവ്. അദ്ദേഹത്തിന്റെ മരണത്തോടെ ഈ റെക്കോര്‍ഡും രാജ്ഞിയുടെ പേരിലായി.
2015 ല്‍ ബ്രിട്ടനില്‍ ഏറെക്കാലം അധികാരത്തിലിരുന്നതിന്റെ റെക്കോര്‍ഡ് രാജ്ഞിക്കു സ്വന്തമായിരുന്നു. 63 വര്‍ഷവും 216 ദിവസവും പൂര്‍ത്തിയാക്കിയപ്പോഴായിരുന്നു വിക്ടോറിയ രാജ്ഞിയുടെ പേരിലുണ്ടായിരുന്ന പഴയ ചരിത്രം തിരുത്തപ്പെട്ടത്. പിന്നീടുള്ള ഓരോ ദിനവും രാജ്ഞിയുടെ ഭരണകാലഘട്ടത്തിന്റെ റെക്കോര്‍ഡ് ദൈര്‍ഘ്യം വര്‍ധിപ്പിക്കുകയാണ്.
90 പിന്നിട്ട രാജ്ഞിക്ക് 65 ആം വാര്‍ഷികത്തില്‍ പ്രത്യേകം ആഘോഷ പരിപാടിള്‍ ഒന്നുമില്ലെങ്കിലും ഈ ചരിത്ര നിമിഷത്തിന്റെ ഓര്‍മയ്ക്കായി രാജ്യത്തെ നാണയ നിര്‍മിതിയുടെയും വിതരണത്തിന്റെയും ചുമതലക്കാരായ റോയല്‍ മിന്റ് നാലു പ്രത്യേക നാണയങ്ങള്‍ പുറത്തിറക്കുന്നുണ്ട്. അഞ്ച്, പത്ത് പൗണ്ടുകളുടെയും 500, 1000 പൗണ്ടുകളുടെയും പ്രത്യേകം നാണയങ്ങളാണു തയാറാക്കുന്നത്.
നിശ്ചിത എണ്ണം നാണയങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ അച്ചടിക്കുക. രാജ്ഞിയുടെ മുഖമുദ്രയും കിരീടമുദ്രയും ഇരുവശങ്ങളിലായുള്ള നാണയങ്ങളാണിവ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല