സ്വന്തം ലേഖകൻ: എലിസബത്ത് II രാജ്ഞിയുടെ സ്വകാര്യ ആഭരണ ശേഖരം പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും. രാജ്ഞിയുടെ കിരീടധാരണത്തിന്റെ പ്ലാറ്റിനം ജൂബിലി (70-ാം വര്‍ഷം) ആഘോഷത്തോടനുബന്ധിച്ചാണ് ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ എലിസബത്ത് രാജ്ഞിയുടെ സ്വകാര്യ ആഭരണ ശേഖരം പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്നത്. 1926 ഏപ്രില്‍ 21-ന് ജനിച്ച എലിസബത്ത് II (ആദ്യ പേര് അലക്‌സാന്‍ഡ്ര മേരി) 1952 ഫെബ്രുവരി 6-നാണ് രാജ്ഞിയായി സ്ഥാനാരോഹണം നടത്തിയത്. രാജ്ഞിയുടെ സ്ഥാനോരോഹണത്തിന്റെ 70-ാം വാര്‍ഷികം അടയാളപ്പെടുത്തുന്നതിനായി ബക്കിംഗ്ഹാം പാലസ്, 2022 വര്‍ഷം രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലിയായി ആഘോഷിക്കുകയാണ്.
ബക്കിംഗ്ഹാം കൊട്ടാരത്തിന് പുറമെ, ഇംഗ്ലീഷ് കൗണ്ടിയായ ബെര്‍ക്ക്‌ഷേറിലുള്ള രാജകീയ മന്ദിരം വിന്‍ഡ്സര്‍ കാസില്‍, സ്‌കോട്ടലന്‍ഡിലെ എഡിന്‍ബര്‍ഗിലുള്ള ഹോളിറൂഡ് ഹൗസ് കൊട്ടാരം എന്നിവിടങ്ങളിലും രാജ്ഞിയുടെ ആഭരണ ശേഖരം പ്രദര്‍ശിപ്പിക്കും. ലണ്ടന്‍ മലയാളികള്‍ക്ക് അടുത്ത മാസങ്ങളിലെ വാരാന്ത്യങ്ങളില്‍ ചുറ്റിയടിക്കാന്‍ പറ്റിയ ഇടങ്ങളാണ് ഈ രാജകീയ വസതികള്‍. ഈ വേനല്‍ക്കാലത്ത് യുകെയിലെത്തുന്ന സഞ്ചാരികള്‍ക്ക് മുമ്പാകെ തന്റെ സ്വകാര്യ ആഭരണ ശേഖരം പ്രദര്‍ശിപ്പിക്കാന്‍ രാജ്ഞി താല്‍പര്യം കാണിച്ചിട്ടുണ്ടെന്നാണ് ബക്കിംഗ്ഹാം പാലസ് വക്താക്കള്‍ അറിയിച്ചിരിക്കുന്നത്.
സഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും രാജകീയ വസതികളിലേക്കുള്ള ടൂറുകളില്‍ ഈ ആഭരണ ശേഖരം കാണാന്‍ കഴിയും. അവിടെ, അവര്‍ക്ക് രാജ്ഞിയുടെ ബ്രൂച്ചുകള്‍, കിരീടധാരണ വസ്ത്രം, റോബ് ഓഫ് എസ്റ്റേറ്റ്, ഒപ്പം അവളുടെ ഡയമണ്ട് ഡയഡം (വജ്ര കിരീടം) എന്നിവയും കാണാന്‍ കഴിയും. കിരീടധാരണത്തിനുശേഷം ബ്രിട്ടീഷ് രാജാവ് / രാജ്ഞി ധരിക്കുന്ന നീളമുള്ള, പര്‍പ്പിള്‍ വെല്‍വെറ്റ് ആവരണമാണ് റോബ് ഓഫ് എസ്റ്റേറ്റ്. ചടങ്ങിന്റെ അവസാനം രാജാവ്/രാജ്ഞി കത്തീഡ്രലില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ ഇത് ധരിക്കുന്നു.
ബക്കിംഗ്ഹാം കൊട്ടാരത്തില്‍ 1821-ല്‍ ജോര്‍ജ്ജ് നാലാമന്‍ രാജാവിനുവേണ്ടി നിര്‍മ്മിച്ച ക്വീന്‍സ് ഡയമണ്ട് ഡയഡം കാണാനും അവസരമുണ്ട്. ഈ കിരീടം 1333 മിഴിവുറ്റ വജ്രങ്ങളാല്‍ പ്രൗഢി നിറഞ്ഞതാണ്. സില്‍വര്‍, ഗോള്‍ഡന്‍, ഡയമണ്ട് ജൂബിലികള്‍ ഉള്‍പ്പെടെ നിരവധി അവസരങ്ങളില്‍ രാജ്ഞി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ എഡിന്‍ബര്‍ഗിലെ ഹോളിറൂഡ് ഹൗസ് കൊട്ടാരത്തിലുണ്ടാകും. ജൂലൈ 3 മുതല്‍ സെപ്റ്റംബര്‍ 25 വരെ സന്ദര്‍ശകര്‍ക്ക് ഇവ കാണാനാകും.
രാജ്ഞിയുടെ കിരീടധാരണ വസ്ത്രവും പ്രശസ്തമായ പര്‍പ്പിള്‍ സില്‍ക്ക് വെല്‍വെറ്റ് റോബ് ഓഫ് എസ്റ്റേറ്റും വിന്‍ഡ്സര്‍ കാസിലിലും പ്രദര്‍ശിപ്പിക്കും. ജൂലൈ 7 മുതല്‍ സെപ്റ്റംബര്‍ 26 വരെയായിരിക്കും ഇവിടെ പ്രദര്‍ശനമുണ്ടായിരിക്കുക. കോമണ്‍വെല്‍ത്തിന്റെ ചിഹ്നങ്ങളെ പ്രതിനിധീകരിക്കുന്ന അഞ്ച് ബ്രൂച്ചുകളായിരിക്കും ഇവിടുത്തെ ആഭരണ ശേഖരത്തിന്റെ പ്രധാന ആകര്‍ഷണമെന്ന് കരുതുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വസതിയായ വിന്‍ഡ്സര്‍ കാസിലിന് ആയിരം വര്‍ഷത്തെ വാസ്തുവിദ്യാ ചരിത്രമുണ്ട്.
പ്ലാറ്റിനം ജൂബിലിയില്‍ രാജ്ഞിയ്ക്ക് ആദരവ് അര്‍പ്പിച്ച് ലണ്ടന്‍ അധികൃതരും എത്തിയിട്ടുണ്ട്. രാജ്ഞിയോടുള്ള ആദരസൂചകമായി ലണ്ടനില്‍ എലിസബത്ത് ലൈന്‍ എന്ന പേരില്‍ ഒരു പുതിയ ട്യൂബ് ലൈനും ആരംഭിച്ചിട്ടുണ്ട്. ലണ്ടന്‍ നഗരത്തിനടിയിലൂടെ ചെറിയ ട്രെയിനുകള്‍ കടന്നുപോകുന്ന ഭൂഗര്‍ഭ പാതയാണ് ട്യൂബ് ലൈന്‍. വൃത്താകൃതിയിലുള്ള ട്യൂബ് പോലെയുള്ള തുരങ്കങ്ങളില്‍ നിന്നാണ് ഈ പാതകള്‍ക്ക് ‘ട്യൂബ്’ എന്ന വിളിപ്പേര് വന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല