സ്വന്തം ലേഖകന്‍: കാറിന്റെ ഡിക്കിയില്‍ റാണി കുടുങ്ങി, 20,000 ത്തോളം തേനീച്ചകള്‍ രണ്ടു ദിവസം കാറിനു പിന്നാലെ. ഒടുവില്‍ തേനീച്ച വിദഗ്ദ്ധര്‍ എത്തി റാണിയെ ഡിക്കിയില്‍ നിന്ന് പുറത്തെടുക്കുന്നതു വരെ തേനീച്ചപ്പട കാറിനെ പിന്തുടര്‍ന്നു. യുയ്‌കെയിലെ ഹാവര്‍ഫോര്‍ഡ് വെസ്റ്റിലായിരുന്നു രസകരമായ സംഭവം നടന്നത്.
തിളങ്ങുന്ന വെള്ളി നിറമുള്ള മിത്സുബിഷി ഔട്ടലാന്റര്‍ കാറിന് പിന്നാലെ മേഘം പോലെ തേനീച്ചക്കൂട്ടം പറക്കുന്നത് നാട്ടുകാര്‍ക്ക് കൗതുകമായി. കാറിന്റെ പിന്‍ഭാഗത്തെ ഒരു വശവും മുകളിലെ ഒരു ഭാഗവും തേനീച്ചകളെ കൊണ്ടു മൂടിയ നിലയിലായിരുന്നു. ഷോപ്പിംഗിന് പോയ ഡ്രൈവര്‍ പാര്‍ക്ക് ചെയ്ത കാര്‍ പൊതിഞ്ഞ നിലയില്‍ തേനീച്ചക്കൂട്ടത്തെ ആദ്യം ശ്രദ്ധിച്ചത് പെംബ്രോക്‌ഷെയര്‍ തീരത്തെ നാഷണല്‍ പാര്‍ക്കിലെ ഒരു റേഞ്ചറായ ടോം മോസാണ്.
കൂടുതല്‍ നിരീക്ഷിച്ചപ്പോള്‍ തേനീച്ചകള്‍ പതിനായിരക്കണക്കിനുണ്ടെന്നു മനസ്സിലാക്കി. ഒരു സ്ഥലത്തു മാത്രം തേനീച്ചകള്‍ കൂട്ടംകൂടുന്നത് വ്യത്യസ്തമായി തോന്നി. അതോടൊപ്പം തന്നെ കുട്ടികളുമായി ആള്‍ക്കാര്‍ പോകുമ്പോള്‍ തേനീച്ചകള്‍ ആക്രമിച്ചാലുള്ള അവസ്ഥ ഓര്‍ത്ത് ടോം മോസ് ആകുലപ്പെടുകയും ചെയ്തു. ഇദ്ദേഹം തേനീച്ച കര്‍ഷകരെയും മറ്റുള്ളവരെയും വിളിച്ചുവരുത്തി.
ഞായറാഴ്ച ജോലിക്കാര്‍ എത്തി മുഴുവന്‍ തേനീച്ചയെയും ഒരു കാര്‍ഡ്‌ബോര്‍ഡ് ബോക്‌സിലേക്ക് പിന്നീട് മാറ്റുകയായിരുന്നു. കരോള്‍ ഹോവാര്‍ത്ത് എന്നയാളുടേതായിരുന്നു കാര്‍. കാറിന്റെ ഡിക്കിയില്‍ തേനീച്ചറാണി കുടുങ്ങിയത് അറിയാതെ കാര്‍ ഓടിച്ചുപോവുകയായിരുന്നു. ഇതോടെ യാണ് തേനീച്ചക്കൂട്ടം പിന്തുടര്‍ന്നത്.
കാറിനുള്ളില്‍ തേനീച്ചക്കൂട്ടത്തെ ആകര്‍ഷിക്കുന്ന എന്തോ ഉണ്ടായിരിക്കാമെന്നാണ് ഇവര്‍ ആദ്യം കരുതിയത്. കാറിന്റെ വൈപ്പറില്‍ മധുരമോ മറ്റോ പറ്റിപ്പിടിച്ചതായിരിക്കാം കാരണമെന്ന് കരുതിയിരുന്നതായി 65 കാരന്‍ ഡോക്ടര്‍ കരോള്‍ ഹോവാര്‍ത്ത് പറഞ്ഞു. എന്തായാലും ആര്‍ക്കും അപകടമില്ലാതെ റാണിയെ ഒഴിവാക്കിയതിന്റെ ആശ്വാസത്തിലാണ് നാട്ടുകാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല