അഫ്ഗാനിസ്ഥാനില്‍ ബാഗ്രാമിലെ യുഎസ് വ്യോമതാവളത്തില്‍ ഖുര്‍ ആന്റെ കോപ്പികള്‍ തിങ്കളാഴ്ച സൈനികര്‍ കത്തിച്ചതില്‍ പ്രതിഷേധം കത്തിപ്പടരുന്നതിനിടെ, സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചും മാപ്പു ചോദിച്ചും പ്രസിഡന്റ് ഒബാമ അഫ്ഗാന് പ്രസിഡന്റ് കര്‍സായിക്കു കത്തയച്ചു. യുഎസ് സ്ഥാനപതി റിയാന്‍ ക്രോക്കറാണ് കത്ത് കര്‍സായിക്കു കൈമാറിയത്. യുഎസ് ജനറല്‍ ജോണ്‍ അല്ലന് ചൊവ്വാഴ്ച തന്നെ മാപ്പു പറയുകയുണ്ടായി.
കാബൂളിലും അഫ്ഗാനിസ്ഥാനിലെ വിവിധ നഗരങ്ങളിലും മൂന്നാംദിവസവും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.ഇതിനകം 12 പേര്‍ക്കു ജീവഹാനി നേരിട്ടു. പാശ്ചാത്യ സൈനികരെ എവിടെ കണ്ടാലും ആക്രമിക്കാന്‍ താലിബാന് ആഹ്വാനം ചെയ്തതിനു പിന്നാലെ ഇന്നലെ നഗര്‍ഹാര്‍ പ്രവിശ്യയില്‍ ഒരു അഫ്ഗാന് സൈനികന് രണ്ട് യുഎസ് സൈനികരെ വെടിവച്ചു കൊന്നു. വെള്ളിയാഴ്ചയായ ഇന്ന് കൂടുതല്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുമെന്ന് ആശങ്കയുണ്ട്
ശ്രദ്ധക്കുറവുകൊണ്ടുണ്ടായ സംഭവമാണിതെന്നും ഉത്തരവാദികള്‍ക്ക് എതിരേ കര്‍ശന നടപടി എടുക്കുമെന്നും കര്‍സായിക്ക് അയച്ച കത്തില്‍ ഒബാമ വ്യക്തമാക്കി. ലുഖ്മാന് പ്രവിശ്യാ തലസ്ഥാനമായ മിഹ്ത്രാലമിലെ യു.എസ്. സൈനികകേന്ദ്രം വളഞ്ഞ ആയിരക്കണക്കിന് വരുന്ന ജനക്കൂട്ടം കേന്ദ്രത്തിന് നേരേ കല്ലെറിയുകയും മതില് ചാടിക്കടക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇവര്‍ക്കെതിരെ നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായി ഒരു അഫ്ഗാന് പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു.
ഖുര്‍ ആന്‍ കത്തിച്ച സംഭവത്തെക്കുറിച്ച് നാറ്റോ സൈനിക നേതൃത്വം അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് പ്രസിഡന്റ് ഹമീദ് കര്‍സായി പറഞ്ഞു. സമാധാനം നിലനിര്‍ത്താന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. ഖത്തറില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളെ പുതിയ സംഭവവികാസങ്ങള്‍ ബാധിക്കില്ലെന്ന് താലിബാന് വക്താവ് സബിയുള്ളാ മുജാഹിദ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല