യുഎസ് സൈനിക കേന്ദ്രത്തില്‍ ഖുറാന്‍ കത്തിച്ചതിനെതിരേ അഫ്ഗാനില്‍ പ്രതിഷേധം വ്യാപിക്കുന്നു. പ്രതിഷേധക്കാര്‍ക്കു നേരേയുണ്ടായ സൈനിക നടപടിയില്‍ അഞ്ചു പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്ക്. അമെരിക്കന്‍ സൈന്യത്തിന് എതിരേ മുദ്രാവാക്യം വിളികളുമായി അഫ്ഗാനികള്‍ തെരുവിലിറങ്ങിയതോടെ പലയിടത്തും ക്രമസമാധാന നില തകരാറിലായി. തലസ്ഥാനമായ കാബുളിലും മറ്റു പ്രമുഖ നഗരങ്ങളിലും വെടിയൊച്ചകള്‍ മുഴങ്ങി. പ്രതിഷേധക്കാര്‍ ബസുകളും മറ്റു വാഹനങ്ങളും തകര്‍ക്കുകയും കെട്ടിടങ്ങള്‍ക്കു തീയിടുകയും ചെയ്തു.
കാബുളിലെ ജലാലാബാദ് റോഡില്‍ പ്രകടനം നടത്തിയവര്‍ യുഎസ് മിലിറ്ററിയുടെ ക്യാംപ് ഫീനിക്സിനു നേരേ കല്ലെറിഞ്ഞു. സൈനിക കേന്ദ്രത്തില്‍ ഖുറാന്‍ കത്തിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം യുഎസ് കമാന്‍ഡര്‍ ജനറല്‍ ജോണ്‍ അലന്‍ മാപ്പു പറഞ്ഞിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഖുറാന്‍ കത്തച്ചതില്‍ യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റയും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രതിഷേധക്കാര്‍ക്കു നേരെയുള്ള വെടിവയ്പുകളിലാണു മരണങ്ങള്‍. ബാഗ്രാം ഉള്‍പ്പെടുന്ന പര്‍വാന്‍ പ്രവിശ്യയില്‍ പ്രതിഷേധക്കാര്‍ക്കുനേരെ നടന്ന വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. കാബൂളില്‍ 11 പൊലീസുകാര്‍ ഉള്‍പ്പെടെ 21 പേര്‍ക്കു പരുക്കുണ്ട്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വിവാദ യുഎസ് പാസ്റ്റര്‍ ഖുര്‍ആന്‍ കത്തിച്ചതിനെതിരെ അഫ്ഗാനില്‍ മൂന്നു ദിവസം നീണ്ട പ്രതിഷേധത്തില്‍ ഏഴു യുഎന്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അനേകം പേര്‍ കൊല്ലപ്പെട്ടിരുന്നു. 2014ല്‍ അഫ്ഗാനില്‍നിന്നു പിന്‍മാറുന്നതിന്റെ ഭാഗമായി താലിബാനുമായി സമാധാന സന്ധി നടപ്പാക്കാന്‍ യുഎസ് നടത്തുന്ന ശ്രമങ്ങള്‍ക്കു വന്‍ തിരിച്ചടിയാണ് ഖുര്‍ആന്‍ കത്തിച്ച സംഭവം.
വിദേശ കരാറുകാരും അമേരിക്കക്കാരും ജോലിചെയ്യുകയും താമസിക്കുകയും ചെയ്യുന്ന കേന്ദ്രങ്ങളില്‍ പ്രതിഷേധം ശക്തമാണ്. ചില കേന്ദ്രങ്ങളില്‍ ഇത്തരം കോണ്‍ട്രാക്ടര്‍മാര്‍ വെടിവയ്പു നടത്തി. യുഎസ് പൌരന്മാര്‍ പുറത്തിറങ്ങരുതെന്ന് എംബസി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല