റിലീസിന്‍റെ വക്കത്തു നില്‍ക്കുമ്പോള്‍ മിക്കവാറും എല്ലാ സൂപ്പര്‍ സിനിമകളും അനുഭവിക്കുന്ന വേദന ഷാരുഖിന്‍റെ സൂപ്പര്‍ ഹീറോ മൂവി രാ. വണിനും. കോടികള്‍ മുടക്കിയെടുക്കുന്ന ചിത്രത്തിന്‍റെ കഥ മോഷണമാണെന്ന പരാതിയില്‍ പ്രഥമദൃഷ്ട്യാ കേസുണ്ട് എന്ന് ബോംബെ ഹൈക്കോടതി പറയുക കൂടി ചെയ്തിരിക്കുന്നു. ഇന്നോളമുള്ള സകല ബോക്സോഫിസ് റെക്കോഡുകളും തകര്‍ക്കും എന്ന പ്രതീക്ഷയില്‍ ഷാരുഖ് ഖാന്‍ ദീപാവലിക്ക് അവതരിപ്പിക്കുന്ന രാ. വണിന്‍റെ റിലീസ് തടയും എന്ന അവസ്ഥ വരെയെത്തി കാര്യങ്ങള്‍. കോപ്പി റൈറ്റ് വയലേഷന്‍ നടന്നു എന്നു കാണിച്ച് പരാതിക്കാരന്‍ സമര്‍പ്പിച്ചിരിക്കുന്ന തെളിവുകള്‍ അംഗീകരിക്കേണ്ടി വരും എന്ന് ഹൈക്കോടതി പറഞ്ഞപ്പോള്‍ ഷാരുഖ് ഞെട്ടി. ഷാരുഖിന്‍റെ റെഡ് ചില്ലീസ് നിര്‍മിക്കുന്ന രാ. വണ്‍ വിതരണം ചെയ്യുന്ന ഇറോസ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ അഭിഭാഷകന്‍റെ ഇടപെടലാണ് രക്ഷയായത്.
ഇനി കുറച്ചു ദിവസങ്ങളേയുള്ളൂ റിലീസിന്. രാ. വണിന്‍റെ ആഗോള അവകാശം നൂറ്റമ്പത് കോടി മുടക്കിയാണ് ഇറോസ് വാങ്ങിയത്. ഈ ഘട്ടത്തില്‍ ചിത്രത്തിന്‍റെ റിലീസ് തടയുന്ന തരത്തിലുള്ള തീരുമാനം ഉണ്ടാവരുത്. ഇറോസിന്‍റെ അഭിഭാഷകന്‍ ജനക് ദ്വാരകദാസ് അഭ്യര്‍ഥിച്ചു. ചീഫ് ജസ്റ്റിസ് മോഹിത് ഷായും ജസ്റ്റിസ് റോഷന്‍ ദാല്‍വിയും ഉള്‍പ്പെടുന്ന ബെഞ്ച് ഇത് അംഗീകരിച്ചു. ഒരു കോടി രൂപ കോടതിയില്‍ കെട്ടി വച്ചിട്ട് ചിത്രം റിലീസ് ചെയ്യാന്‍ സമ്മതിച്ചു. ഇന്ന് തുക കോടതിയില്‍ അടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ചിത്രത്തിന്‍റെ റിലീസ് തടയുമെന്ന മുന്നറിയിപ്പും കോടതി നല്‍കിയിട്ടുണ്ട്.
രാ. വണിനെ ഈ പതിമൂന്നാം മണിക്കൂറില്‍ കോടതി കയറ്റിയത് യഷ് പട്നായിക്ക്. ടെലിവിഷന്‍ പ്രോഗ്രാമുകളുടെ നിര്‍മാതാവായ യഷ് കഥാകൃത്തു കൂടിയാണ്. രാ. വണിന്‍റെ മുഷ്താഖ് ഷെയ്ക്കിനോട് 2006ല്‍ താന്‍ ചര്‍ച്ച ചെയത കഥയാണിത് എന്നാണ് യഷ് വാദിച്ചത്. ചിത്രത്തിന്‍റെ കഥാകൃത്ത് എന്ന ക്രെഡിറ്റ് തനിക്കു തരുന്നില്ലെങ്കില്‍ ലാഭ വിഹിതത്തിന്‍റെ പത്തു ശതമാനം വരെ വേണം എന്നാണ് യഷ് ആവശ്യപ്പെട്ടത്. മുഷ്താഖ് ഷെയ്ക്കിനോട് താന്‍ പറഞ്ഞ കഥയിലെ സൂപ്പര്‍ വില്ലന്‍റെ പേര് വണ്‍ എന്നായിരുന്നു. ഇപ്പോള്‍ മുഷ്താഖ് രാ. വണിന്‍റെ കഥയിലും അതു തന്നെ ഉപയോഗിച്ചു എന്നാണ് അറിയുന്നത്. ഇങ്ങനെ യഷ് നിരത്തിയ തെളിവുകള്‍ കോടതി അംഗീകരിക്കുകയായിരുന്നു. മറ്റുള്ളവരുടെ ആശയങ്ങള്‍ ഉപയോഗിച്ചിട്ട് ക്രൈഡിറ്റും കാശും നല്‍കാത്തത് ഹിന്ദി ചലച്ചിത്ര മേഖലയ്ക്ക് പണ്ടേയുള്ള സ്വഭാവമാണെന്നു കൂടി അഭിപ്രായപ്പെട്ടു കോടതി.
സ്ക്രിപ്റ്റ് പരിപൂര്‍ണമായും സ്വതന്ത്രമാണെന്നു ഷാരുഖിന്‍റെ അഭിഭാഷകന്‍ വിരേന്ദ്ര തുല്‍സാപുര്‍കാര്‍ വാദിച്ചെങ്കിലും അതു പരിപൂര്‍ണായി അംഗീകരിക്കാന്‍ കോടതി തയാറായില്ല. ഇറോസിന്‍റെ അഭിഭാഷകന്‍ ഇടപെട്ടത് ഷാരുഖിനു രക്ഷയായി. ഒരു ഘട്ടത്തില്‍ ചിത്രത്തിന്‍റെ റിലീസ് സ്റ്റേ ചെയ്യും എന്നു തോന്നിച്ചെങ്കിലും ഒരു കോടി രൂപയുടെ ബോണ്ട് വയ്ക്കുന്നതില്‍ തല്‍ക്കാലം നടപടികള്‍ അവസാനിപ്പിച്ചു. കോപ്പി റൈറ്റ് ലംഘിച്ചതു സംബന്ധിച്ച കേസ് തുടരുമെന്നും കോടതി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല