ദീപിക പദുക്കോണ്‍ ഇപ്പോള്‍ കുറച്ചധികം സന്തോഷത്തിലായിരുന്നു രജനീകാന്തിന്റെ നായികയായി അഭിനയിക്കാനുള്ള അവസരം വീണ്ടും തിരിച്ചെത്തിയതിന്റെ സന്തോഷമാണ് പ്രധാനം. എന്നാല്‍ അതിനൊപ്പം മറ്റൊരു വാര്‍ത്തയുമുണ്ട് ദീപികയ്ക്ക് പറയാന്‍. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അബ്ബാസ് മസ്താന് ചിത്രം റെയ്സ് 2വില്‍ നിന്ന് ദീപിക സ്വയം പിന്മാറിയിരിക്കുന്നു. ചിത്രത്തിന്റെ സംവിധായകര്‍ക്ക് ദീപികയുടെ ഈ രീതി അത്ര ഇഷ്ടമായിട്ടില്ല. ടിപ്സ് ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ആക്ഷന്‍ ത്രില്ലര്‍, 2008ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം റെയ്സിന്റെ തുടര്‍ച്ചയാണ്. ആദ്യ ചിത്രത്തിലെ അഭിനേതാക്കളായ സെയ്ഫ് അലി ഖാന്, അനില്‍ കപൂര്‍ എന്നിവര്‍ക്കൊപ്പം ജോണ്‍ എബ്രഹാം, ജാക്വിലിന് ഫെര്‍ണാണ്ടസ് എന്നിവരുമുണ്ട് റെയ്സ് 2വില്‍.
ഒരാഴ്ചത്തെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് ചിത്രത്തില്‍ നിന്നു ദീപിക പിന്മാറിയത്. നിര്‍മാതാവ് രമേഷ് തൗരാനി ഇതറിഞ്ഞതോടെ ആകെ വിഷമത്തിലാണ്. ഇരുപത്തഞ്ചു വര്‍ഷമായി സിനിമാലോകത്ത് തുടരുന്നു. ഇതിനകം നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളും നിര്‍മിച്ചു. എന്നാല്‍ ഇത്തരത്തില്‍ ഒരനുഭവം ഇതാദ്യം. ചിത്രത്തിന്റെ സംവിധായകരും മറ്റു താരങ്ങളും ദീപികയുടെ പിന്മാറ്റത്തില് അസ്വസ്ഥരാണെന്ന് രമേഷ് പറയുന്നു. ടിപ്സിന്റെ പേരില്‍ ഇതുവരെ ഇത്തരം കേസുകളുണ്ടായിട്ടില്ല. കാര്യങ്ങള്‍ ഇത്രയേറെ വഷളായത് ആര്‍ക്കും അത്ര രസിച്ചിട്ടില്ല. മാത്രമല്ല ദീപിക പിന്മാറുന്ന വിവരം അവസാനമാണ് രമേഷ് അറിഞ്ഞതും.
കഴിഞ്ഞ മാസം ഇരുപത്തേഴിനാണ് പലരും ദീപികയുടെ പിന്മാറ്റത്തെക്കുറിച്ച് രമേഷിനോടു ചോദിച്ചത്. ഇക്കാര്യം ചോദിക്കാന്‍ വിളിച്ചപ്പോള്‍ ദീപിക ഓഫിസിലേക്കു വരാമെന്നു പറഞ്ഞു, പിന്നീട് അപ്പോയ്ന്മെന്റ് ക്യാന്‍സല്‍ ചെയ്യുകയായിരുന്നു. ഒടുവില്‍ ദീപിക ചിത്രത്തിലുണ്ടാവില്ലെന്ന് മാനെജര്‍ വന്ന് അറിയിക്കുകയായിരുന്നു. ഒരു ഹോളിവുഡ് പ്രൊജക്റ്റാണ് കാരണമെന്നും പറഞ്ഞെന്ന് രമേഷ് പറയുന്നു. ഇക്കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ദീപികയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ ചെന്നതാണ് രമേഷും കൂട്ടരും. എന്നാല്‍ അതൊന്നും കേള്‍ക്കാന്‍ പോലും ദീപിക തയാറായില്ല. താന്‍ ചെയ്ത കാര്യത്തില്‍ മാപ്പു പറയാന്‍ പോലും ദീപിക കൂട്ടാക്കത്തതാണ് റെയ്സ് ടീമിനെ ദേഷ്യത്തിലാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല