സ്വന്തം ലേഖകന്‍: ‘ബ്രെക്‌സിറ്റ്! വീട്ടിലേക്ക് മടങ്ങിക്കോ!’ യുകെയില്‍ ഇന്ത്യന്‍ യുവാവിനെതിരെ ബ്രിട്ടീഷുകാരന്റെ ആക്രോശം; അധിക്ഷേപം വംശീയ പരാമര്‍ശം ചോദ്യം ചെയ്തതിനെ തുടര്‍ന്ന്. ശിരോവസ്ത്രം ധരിച്ച മുസ്‌ലിം സ്ത്രീക്കുനേരെ അശ്ലീല പരാമര്‍ശം നടത്തിയതിനെ ചെറുത്ത ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി രാകേഷ് അധ്വാനിക്കാണ് ബ്രിട്ടീഷുകാരനില്‍ നിന്ന് ദുരനുഭവം ഉണ്ടായത്.
കേംബ്രിജ് സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായ രാകേഷ് കേംബ്രിജ് ആശുപത്രിയിലെത്തിയ ശിരോവസ്ത്രധാരിയായ സ്ത്രീയെ നോക്കി ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയ ബ്രിട്ടീഷ് പൗരനോട് അത് ശരിയല്ലെന്ന് പറഞ്ഞിരുന്നു. ഇതാണ് വംശീയാധിക്ഷേപത്തില്‍ കലാശിച്ചത്. ബ്രെക്‌സിറ്റിന്റെ പേരും പറഞ്ഞ് സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോവാന്‍ ബ്രിട്ടീഷ് പൗരന്‍ രാകേഷിനോട് ആക്രോശിക്കുകയായിരുന്നു.
എന്നാല്‍, അവിടെയുണ്ടായിരുന്ന ആരുംതന്നെ പ്രതികരിച്ചില്ലെന്നും അയാള്‍ ചെയ്തത് തെറ്റാണെന്ന് പറയാന്‍ താന്‍ മാത്രമേ ഉണ്ടായിരുന്നൂവെന്നും അത് തന്നെ ഞെട്ടിച്ചുവെന്നും രാകേഷ് പ്രതികരിച്ചു. പൊലീസിനെ വിളിക്കാന്‍ പറഞ്ഞിട്ടും ആരും അനങ്ങിയില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായും ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടിലെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ആശുപത്രി അധികൃതര്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല