സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ ആരാധകര്‍ വംശീയമായി അധിക്ഷേപിക്കപ്പെട്ടതായി ആരോപണം. എജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ നാലാം ദിനത്തിലാണ് സംഭവം. തിങ്കളാഴ്ച സ്റ്റേഡിയത്തിലുണ്ടായിരുന്ന ഇന്ത്യന്‍ ആരാധകരില്‍ ചിലര്‍ ഇംഗ്ലണ്ട് കാണികളില്‍ നിന്നുണ്ടായ മോശം അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.
ഇന്ത്യന്‍ ആരാധകര്‍ക്ക് നേര്‍ക്ക് കേട്ടാലറയ്ക്കുന്ന വാക്കുകള്‍ ഇംഗ്ലണ്ട് കാണികള്‍ ഉപയോഗിച്ചുവെന്ന് വിവിധയാളുകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇംഗ്ലണ്ട് ആരാധകരുടെ മോശം പെരുമാറ്റം സ്റ്റേഡിയത്തില്‍ കാണികളുടെ മേല്‍നോട്ടച്ചുമതലയില്‍ ഉണ്ടായിരുന്നവരെ ധരിപ്പിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ആരോപണമുണ്ട്. അതേസമയം ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ എജ്ബാസ്റ്റണ്‍, സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.
സ്റ്റേഡിയത്തിന്റെ തെക്ക് ഭാഗത്തെ ഗാലറിക്ക് താഴെ ഇരുന്ന ഇംഗ്ലീഷ് കാണികള്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് നേരെയും മോശം വാക്കുകള്‍ പ്രയോഗിച്ചുവെന്നും ആരോപണമുണ്ട്. ഇത് സാധൂകരിക്കുന്ന വീഡിയോ പവന്‍ എന്നയാള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല