സ്വന്തം ലേഖകന്‍: ഓസ്ട്രേലിയയില്‍ ടാക്സി ഡ്രൈവറായ ഇന്ത്യന്‍ യുവാവിനെതിരെ വംശീയ ആക്രമണം, ‘നിന്നെ പോലുള്ള ഇന്ത്യക്കാര്‍ ഇത് അര്‍ഹിക്കുന്നു’ എന്ന് ആക്രോശിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. 25 കാരനായ പര്‍ദ്ദീപ് സിംഗ് എന്ന ഇന്ത്യന്‍ യുവാവിനെയാണ് വണ്ടിയില്‍ സഞ്ചരിച്ചിരുന്ന രണ്ടു പേര് ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കിയത്. അക്രമിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഓസ്ട്രേലിയയില്‍ ഹോസ്പിറ്റാലിറ്റി വിദ്യാര്‍ത്ഥി കൂടിയായ പര്‍ദീപിനെ വംശീയമായ അധിക്ഷേപിച്ചാണ് യാത്രക്കാര്‍ മര്‍ദ്ദിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഓസ്ട്രേലിയയിലെ ടാസ്മാനിയയില്‍ മക്ഡൊനാള്‍ഡ് ഷോപ്പിലേക്ക് ദമ്പതികളുമായി പോകവേ കാര്‍ ഓടുന്നതിനിടെ യുവതി കാറിന്റെ ഡോര്‍ തുറന്നത് ശ്രദ്ധയില്‍പെട്ട പര്‍ദീപ് മറ്റു വാഹനങ്ങള്‍ വരുന്ന മുന്നറിയിപ്പ് നല്‍കിയതാണ് ആക്രമണത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് യാത്രക്കാര്‍ പര്ദ്ദീപിനു നേരെ അസഭ്യ വര്‍ഷം നടത്തുകയും കാറില്‍ തുടര്‍ച്ചയായി തൊഴിക്കുകയും ചെയ്തു.
പര്ദ്ദീപിന്റെ ടാക്സിയില്‍ സഞ്ചരിച്ചിരുന്ന ഒരാള്‍ വാഹനത്തില്‍ ഇരുന്ന് ഛര്‍ദ്ദിക്കാന്‍ തുടങ്ങിയപ്പോള്‍ ടാക്സിക്ക് പുറത്തിറങ്ങാന്‍ പറഞ്ഞതും പ്രശ്നമായി. ‘നിങ്ങള്‍ ടാക്സിക്കകം വൃത്തികേടാക്കയാല് ക്ലീനിംഗ് ചാര്‍ജ് വേറെ തരണമെന്ന് പര്‍ദ്ദീപ് പറഞ്ഞതാണ് ഓസ്ട്രേലിയക്കാരെ ചൊടിപ്പിച്ചത്’. ‘നിന്നെ പോലുള്ള ഇന്ത്യക്കാര്‍ ഇത് അര്‍ഹിക്കുന്നു’ എന്ന് പറഞ്ഞ് കൊണ്ട് തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് സിംഗിന്റെ വെളിപ്പെടുത്തല്‍.
മര്‍ദ്ദനം ഏതാനും മിനിറ്റ് നീണ്ടുനിന്നു. അതുവഴി വന്ന കാല്‍നടക്കാര്‍ ഈ സംഭവം കണ്ട് ഇടപെട്ടതോടെയാണ് ആക്രമണം അവസാനിച്ചത്. ഇവരാണ് പോലീസിനെയും ആംബുലന്‍സിനെയും വിവരം അറിയിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് പര്‍ദ്ദീപ്. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതായും പ്രതികളെ തിരിച്ചറിയാന്‍ വാഹനം പുറപ്പെട്ട സ്ഥലം മുതലുള്ള വീഡിയോ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും പോലീസ് തയ്യാറായില്ലെന്നും പര്‍ദ്ദീപ് ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല