സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ഇന്ത്യന്‍ കുടുംബത്തിനു നേരെ ആക്രമണം, ആക്രമികള്‍ വംശീയ പരാമര്‍ശം നടത്തിയതായും പരാതി. ന്യുജഴ്‌സിയില്‍ ഇന്ത്യന്‍ വംശജന്‍ മുഹമ്മദ് ഗസന്‍ഫാറിനും മറ്റ് കുടുംബാംഗങ്ങള്‍ക്കും നേരെയായിരുന്നു ആക്രമണം. ന്യുയോര്‍ക്ക് കെന്നഡി വിമാനത്താവളത്തില്‍ നിന്നും ന്യുജഴ്‌സിയിലുള്ള വീട്ടിലേക്ക് വാനില്‍ പോകുന്നതിനിടെ ആറ് ബൈക്കുകളിലെത്തിയ അക്രമികള്‍ കൈയ്യേറ്റം ചെയ്യുകയായിരുന്നു. ഗസന്‍ഫാറിന്റെ മുഖത്ത് മുഷ്ടി ചുരുട്ടി ഇടിച്ച അക്രമികള്‍ മിനി വാനിന്റെ ജനാലകള്‍ തകര്‍ക്കുകയും ചെയ്തതായി വുഡ് റിഡ്ജ് പൊലീസ് പറഞ്ഞു.
ഗാര്‍ഡന്‍ റിഡ്ജ് പാര്‍ക്ക് വേയില്‍ വെച്ചാണ് സംഭവം. മുഹമ്മദ് ഗസന്‍ഫാറും ഭാര്യയും ഒരു വാഹനത്തിലും സഹോദരിയും കുടുംബാംഗങ്ങളും മറ്റൊരു വാഹനത്തിലുമാണ് സഞ്ചരിച്ചിരുന്നത്. കുടുംബാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന മിനിവാന്‍ മോട്ടോര്‍ സൈക്കിളില്‍ ഇടിച്ചുവെന്ന് ആരോപിച്ചാണ് സിഗ്‌നലില്‍ നിര്‍ത്തിയിരുന്ന മിനിവാനിനെ ബൈക്ക് യാത്രക്കാര്‍ വളഞ്ഞത്. അക്രമണം തുടരുന്നതിനിടയില്‍ ‘ഇന്ത്യന്‍സ്’ എന്നു വിളിച്ചതായും മുഹമ്മദിന്റെ പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് കാറില്‍ നിന്നിറങ്ങി കാരണം തിരക്കിയ മുഹമ്മദിന്റെ മുഖത്ത് ബൈക്ക് യാത്രക്കാരിലൊരാള്‍ ശക്തിയായി ഇടിക്കുകയും കാറിന്റെ ചില്ലുകള്‍ തകര്‍ക്കുന്നതിനിടയില്‍ മുഖത്ത് പരുക്കേല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, സംഭവം വംശീയ ആക്രണം അല്ലെന്നാണ് പൊലീസ് പറയുന്നത്. മുഹമ്മദിന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിച്ചതായും പൊലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല