സ്വന്തം ലേഖകന്‍: തുര്‍ക്കി ബന്ധത്തിന്റെ പേരില്‍ വംശീയാധിക്ഷേപം; ജര്‍മന്‍ ദേശീയ ടീമിനായി ഇനി ബൂട്ടുകെട്ടില്ലെന്ന് ഫുട്‌ബോള്‍ താരം മെസ്യൂട്ട് ഓസില്‍. ജര്‍മനിക്കായി ഇനി കളിക്കില്ലെന്ന് വ്യക്തമാക്കി കൊണ്ട് അദ്ദേഹം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വഴി പ്രസ്താവന പുറത്തിറക്കി. റഷ്യന്‍ ലോകകപ്പിന് മുമ്പ് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗനൊപ്പം ഓസില്‍ ഫോട്ടോക്ക് പോസ് ചെയ്തത് വിവാദമായിരുന്നു. തുര്‍ക്കിയില്‍ നിന്ന് ജര്‍മനിയിലേക്ക് കുടിയേറി പാര്‍ത്തവരാണ് ഓസിലിന്റെ കുടുംബം.
ലോകകപ്പില്‍ ജര്‍മനി ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിന് പിന്നാലെയായിരുന്നു ഈ ഫോട്ടോ ഉയര്‍ത്തി വിവാദം ആളിക്കത്തിയത്. ഇതിനെ തുടര്‍ന്ന് തുര്‍ക്കി വംശജനായ ഓസിലിനും കുടുംബത്തിനും കടുത്ത വംശീയാക്രമണങ്ങളും അവഹേളനവും നേരിടേണ്ടി വന്നിരുന്നു. എര്‍ദോഗനുമായിട്ടുള്ള കൂടിക്കാഴ്ച ഓസില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ജര്‍മന്‍ ടീം മാനേജര്‍ ഒളിവര്‍ ബീര്‍ഹോഫിന്റെ പ്രസ്താവനയും വന്നിരുന്നു.
തനിക്കും കുടുംബത്തിനും നിരവധി വെറുപ്പുളവാക്കുന്ന മെയിലുകള്‍, ഭീഷണി ഫോണുകള്‍, സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള അവഹേളനം എന്നിവ നേരിടേണ്ടി വന്നതായി ഓസിലിന്റെ പ്രസ്താവനയില്‍ പറയുന്നു. എര്‍ദോഗനൊപ്പം ഫോട്ടോക്ക് പോസ് ചെയ്തതിന് പിന്നില്‍ ഒരു തരത്തിലുമുള്ള രാഷ്ട്രീയവും ഇല്ല. എന്റെ കുടുംബത്തിന്റെ രാജ്യത്തെ ഉന്നത പദവിയിലിരിക്കുന്ന ഒരാളോടുള്ള ബഹുമാനം മാത്രമാണ്.
ഞാനൊരു ഫുട്‌ബോള്‍ താരമാണ്. അതാണെന്റെ ജോലിയും അല്ലാതെ രാഷ്ട്രീയമല്ല. ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷനടക്കം പലര്‍ക്കും ഞാന്‍ ജര്‍മനിയുടെ ജഴ്‌സി അണിയുന്നതില്‍ താത്പര്യമില്ല. 2009ല്‍ തന്റെ അരങ്ങേറ്റം മുതല്‍ നേടിയതെല്ലാം പലരും മറന്നുപോയി. വിവിധ വംശപാരമ്പര്യമുള്ള കളിയാണ് ഫുട്‌ബോള്‍. വംശീയ വിവേചന പശ്ചാത്തലമുള്ള ആളുകളെ ഫുട്‌ബോള്‍ ഫെഡറേഷനിലൊന്നും ഉള്‍പ്പെടുത്തരുത്.
നടന്ന സംഭവങ്ങളൊക്കെ ഹൃദയത്തില്‍ കടുത്ത ആഘാതമേല്‍പ്പിക്കുന്നതാണ്. വംശീയതയും അവഹേളനവുമായിട്ട് എനിക്ക് ഈ കാര്യങ്ങള്‍ തോന്നുന്ന സാഹചര്യത്തില്‍ ജര്‍മനിക്കായി അന്താരാഷ്ട്രതലത്തില്‍ കളിക്കാനാകില്ല. വലിയ പ്രതാപത്തോടെയും ആവേശത്തോടെയുമാണ് ഞാന്‍ ജര്‍മന്‍ കുപ്പായം അണിഞ്ഞിരുന്നത്. ഏറെ പ്രയാസകരമേറിയതാണ് എന്റെ തീരുമാനം. ജര്‍മനിയില്‍ നിന്ന് എനിക്ക് എല്ലാഴ്‌പ്പോഴും ലഭിച്ചത് നല്ല സഹതാരങ്ങളേയും പരിശീലകനേയുമാണെന്നും ഓസില്‍ പ്രസ്താവനയില്‍ കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല