സ്വന്തം ലേഖകന്‍: ‘നിങ്ങളിവിടെ ജീവിക്കണ്ട, ലെബനനിലേക്ക് തിരിച്ചു പോ!’ പശ്ചിമേഷ്യക്കാരിയെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യക്കാരിക്ക് നേരെ അമേരിക്കയില്‍ വംശീയ അധിക്ഷേപം. ഇന്ത്യന്‍ വംശജര്‍ക്ക് നേരെയുള്ള അതിക്രമം യുഎസില്‍ തുടര്‍ക്കഥയാകുന്നതിടെ രാജ്പ്രീത് ഹെയര്‍ എന്ന ഇന്ത്യന്‍ പെണ്‍കുട്ടിയാണ് ഏറ്റവുമൊടുവില്‍ താന്‍ വംശീയ അധിക്ഷേപത്തിന് ഇരയായതായി വെളിപ്പെടുത്തിയത്. ഈ മാസമാദ്യം മാന്‍ഹാട്ടനില്‍ ഒരു സുഹൃത്തിന്റെ ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കാന്‍ സബ്‌വേ ട്രെയിനില്‍ സഞ്ചരിക്കുമ്പോഴാണ് സംഭവം.
പശ്ചിമേഷ്യന്‍ സ്വദേശിനിയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ഒരാള്‍ പെണ്‍കുട്ടിക്കു നേരെ ആക്രോശിച്ചത്. ‘നിങ്ങളിവിടെ ജീവിക്കണ്ട, ലെബനനിലേക്ക് തിരിച്ചു പോ!’ എന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു അധിക്ഷേപം. ന്യുയോര്‍ക്ക് ടൈംസിന്റെ ‘ദിസ് വീക്ക് ഇന്‍ ഹെയ്റ്റ്’ എന്ന സെക്ഷനിലാണ് പെണ്‍കുട്ടി തന്റെ അനുഭവം വെളിപ്പെടുത്തിയത്. ഡോണള്‍ഡ് ട്രംപ് പ്രസി!ഡന്റായി ചുമതലയേറ്റശേഷം നടക്കുന്ന വംശീയ അധിക്ഷേപങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്ന പംക്തിയാണ് ‘ദിസ് വീക്ക് ഇന്‍ ഹേറ്റ്’. തന്നെ അധിക്ഷേപിച്ചയാള്‍ ട്രെയിനില്‍ നിന്ന് ഇറങ്ങിപ്പോയപ്പോള്‍ ട്രെയിനിലുണ്ടായിരുന്ന രണ്ട് അമേരിക്കന്‍ യുവതികളാണ് തന്റെ രക്ഷക്കെത്തിയതെന്നും അവരിലൊരാളാണ് പൊലീസിനെ വിളിച്ചതെന്നും രാജ്പ്രീത് പറയുന്നു.
അമേരിക്കയില്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന വംശീയാധിക്ഷേപ സംഭവങ്ങളുടെ തുടര്‍ച്ചയാണ് സിഖ് യുവതിക്ക് നേരെയുണ്ടായത്. കഴിഞ്ഞമാസം ഇന്ത്യന്‍ വംശജയായ എക്താ ദേശായി എന്ന യുവതിക്കും സമാന അനുഭവമുണ്ടായിരുന്നു. വംശീയ അധിക്ഷേപത്തിന്റെ ദൃശ്യങ്ങള്‍ എക്ത തന്നെയാണ് പുറത്ത് വിട്ടതും. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷം ഇന്ത്യക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചിരുന്നു. രണ്ടു മാസത്തിനിടെ മൂന്ന് ഇന്ത്യക്കാരാണ് അമേരിക്കയില്‍ വംശീയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ആന്ധ്ര സ്വദേശിയായ ടെക്കി യുവതിയെയും മകനെയും ന്യൂജഴ്‌സിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവം വംശീയ ആക്രമണമാണോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല