സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനകിനെതിരെ വംശീയാധിക്ഷേപം. ടിവി ചർച്ചക്കിടെ വലതുപക്ഷ റിഫോം യുകെ പാർട്ടിയുടെ വോളന്റിയറാണ് വംശീയ അധിക്ഷേപ പരാമർശം നടത്തിയത്. പരാമർശത്തിൽ വേദനയും അമർഷവുമുണ്ടെന്ന് ഋഷി സുനക് പ്രതികരിച്ചു.
ബ്രിട്ടണിൽ പൊതുതെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് റിഫോം യുകെ പാർട്ടിയുടെ നൈജൽ ഫറാജിന്റെ അനുയായി ഋഷി സുനകിനെതിരെ വംശീയാധിക്ഷേപം നടത്തുന്നത്. ബിബിസി സംഘടിപ്പിച്ച പരിപാടിയാലായിരുന്നു സംഭവം.
കുടിയേറ്റ പ്രശ്നവുമായി ബന്ധപ്പെട്ടാണ് നൈജൽ ഫറാജിന്റെ പാർട്ടിക്കാരനായ ആൻഡ്രൂ പാർക്കർ സുനകിനെതിരെ വംശീയാധിക്ഷേപം നടത്തിയത്. ഋഷി സുനകിനെ കൺസർവേറ്റീവ് പാർട്ടി നേതാവാക്കി ഉയര്‍ത്തിക്കാട്ടുന്നതിനെയും പാർക്കർ കുറ്റപ്പെടുത്തി.
വംശീയാധിക്ഷേപത്തെ അപലപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തന്റെ മക്കൾ ഇത് ടിവിയിലൂടെ കാണേണ്ടിവരുന്നത് വേദനയും അമർഷവും ഉണ്ടാക്കുന്നുവെന്നാണ് പ്രതികരിച്ചത്. സ്ഥാനാർത്ഥികൾക്കെതിരെ റിഫോം യുകെ അപകീർത്തി പരാമർശങ്ങൾ നടത്തിയ ആദ്യ സംഭവമായിരുന്നില്ല ഇത്. നേരത്തെ ഇത്തരം പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് പാർട്ടികള്‍ സ്ഥാനാർത്ഥികളെ ഒഴിവാക്കിട്ടുണ്ട്.
ആൻഡ്രൂ പാർക്കറിന്റെ വാക്കുകളില്‍ നിന്നും ദൂരം പാലിക്കാനാണ് എംപി സ്ഥാനാർത്ഥി കൂടിയായ നൈജൽ ഫറാജ് ശ്രമിച്ചത്. തീവ്ര വലതിനെതിരെ താന്‍ എങ്ങനെയാണ് പോരാടിയിരുന്നതെന്ന് ഓർക്കണമെന്ന് ഫറാജ് മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല