1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2017

 

സ്വന്തം ലേഖകന്‍: ‘ഇന്ത്യക്കാരന്‍ ഇവിടെ കഴിയേണ്ടവനല്ല’, ഇന്ത്യക്കാരന്റെ വീട്ടില്‍ നായ്ക്കളുടെ വിസര്‍ജ്യവും മാലിന്യങ്ങളും വിദ്വേഷ കുറിപ്പുകളും നിക്ഷേപിച്ചു, യുഎസില്‍ വീണ്ടും വംശീയ അതിക്രമം. പടിഞ്ഞാറന്‍ യുഎസ് സംസ്ഥാനമായ കൊളറാഡോയില്‍ ഇന്ത്യക്കാരന്റെ വീട്ടില്‍ ചീമുട്ടകളും നായ്ക്കളുടെ വിസര്‍ജ്യവും മറ്റും നിക്ഷേപിക്കുകയും വിദ്വേഷപരമായ സന്ദേശങ്ങള്‍ എഴുതിയ കുറിപ്പുകള്‍ ഇടുകയും ചെയ്തു. ‘ഇന്ത്യക്കാരന്‍ ഇവിടെ കഴിയേണ്ടവനല്ല’ എന്ന് എഴുതിയ കുറിപ്പും ഇന്ത്യക്കാരന്റെ വീട്ടുമുറ്റത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ഇത്തരത്തിലുള്ള 50 ലേറെ കുറിപ്പുകളാണ് വീടിന്റെ മുറ്റത്തു നിന്നും വാതില്‍, ജനല്‍, കാര്‍ എന്നിവിടങ്ങളില്‍ നിന്നും കിട്ടിയിരിക്കുന്നത്. ഫെബ്രുവരി ആറിന് നടന്ന സംഭവം എഫ്ബിഐ അന്വേഷിച്ചുവരികയാണ്.വീടിനു നേരെ ചീമുട്ടയേറും രൂക്ഷമായിരിക്കുകയാണെന്ന് ഇന്ത്യക്കാരന്‍ വെളിപ്പെടുത്തുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും സഹാനുഭൂതിയുള്ളവരും യു.എസില്‍ ഉണ്ടെന്നും അയല്‍വാസികളുടെ സഹായത്തോടെയാണ് വീട് വൃത്തിയാക്കിയതെന്നും ഇന്ത്യക്കാരന്‍ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.

യുവ എന്‍ജിനിയര്‍ വെടിയേറ്റു മരിച്ചതിനു പിന്നാലെയാണ് വംശീയ അതിക്രമങ്ങള്‍ വെളിപ്പെടുത്തുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വിദ്വേഷ സന്ദേശങ്ങളെഴുതിയ കുറിപ്പുകള്‍ വീടിനുള്ളില്‍ പരന്നു കിടക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. നാല്‍പ്പതോളം മുട്ടകളും അജ്ഞാതരായവര്‍ എറിഞ്ഞെന്ന് പരാതിയില്‍ പറയുന്നു. സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് അയല്‍വാസികള്‍ എല്ലാവരും ചേര്‍ന്നാണു വീടു വൃത്തിയാക്കിയത്. കഴിഞ്ഞദിവസം കന്‍സാസില്‍ ഇന്ത്യന്‍ എന്‍ജിനീയറെ വെടിവച്ചു കൊന്ന ആക്രമി അലറിയത് എന്റെ രാജ്യത്തുനിന്നു പുറത്തുപോകൂ എന്നായിരുന്നു. ട്രംപ് ഭരണത്തിലേറിയ ശേഷം അമേരിക്കയില്‍ വര്‍ദ്ധിച്ചുവരുന്ന വംശീയ അതിക്രമങ്ങളില്‍ ആശങ്കാകുലരാണ് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.