സോഷ്യല്‍ മീഡിയയിലൂടെ വംശീയ വിദ്വേഷം പ്രകടിപ്പിക്കുന്നവരെ ഫെയ്സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ വെബ്സൈറ്റുകളില്‍നിന്ന് വിലക്കണമെന്ന് എംപിമാരുടെ യോഗത്തില്‍ ആവശ്യം. ജൂദ വിരുദ്ധ വാക്കുകളും പ്രസ്താവനകളും ഓണ്‍ലൈനില്‍ നടത്തുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യണമെന്നും എംപിമാരുടെ സര്‍വകക്ഷി യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.
യുകെയിലെ ജൂദവിരുദ്ധ പരാമര്‍ശങ്ങളും സംഭവങ്ങളും മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇരട്ടിയായിട്ടുണ്ടെന്ന കമ്മ്യൂണിറ്റി സെക്യൂരിറ്റി ട്രസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 2014ല്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1,168 കേസുകളാണ്. ബ്രിട്ടണിലെ ആന്റി സെമിറ്റിസം നീക്കങ്ങള്‍ നീരിക്ഷിക്കുകയും അതേക്കുറിച്ച് പഠിക്കുകയും ചെയ്യുന്ന സംഘമാണിത്. 1984ല്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് ഇത്രയധികം കേസുകള്‍ ശ്രദ്ധയില്‍പ്പെടുന്നതെന്ന് കമ്മ്യൂണിറ്റി സെക്യൂരിറ്റി ട്രസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഓഗസ്റ്റ് വരെയുള്ള സമയത്തായിരുന്നു ഇസ്രായേല്‍-ഗാസാ പ്രശ്നങ്ങള്‍ ഏറ്റവും രൂക്ഷമായത്. ഇതിന് പിന്നാലെയാണ് പാര്‍ലമെന്ററി ഇന്‍ക്വയറി കമ്മീഷനും മറ്റും രൂപീകരിച്ചത്. ജൂദ വിരുദ്ധതയും, വംശീയതയും, വര്‍ഗീയതയും പ്രചരിപ്പിക്കുന്നതിനായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിനെ നിരവധി ആളുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് എംപിമാരുടെ സര്‍വകക്ഷി യോഗത്തില്‍ അംഗങ്ങളില്‍ ചിലര്‍ പറഞ്ഞു. ജൂലൈ 2014ല്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായ ഹാഷ്ടാഗുകളില്‍ ഒന്ന് ഹിറ്റ്ലര്‍ വാസ് റൈറ്റ് എന്നായിരുന്നു.
ഹിറ്റ്ലര്‍, ജെനിയോസൈഡ് (കൂട്ടക്കൊല) തുടങ്ങിയ ഹാഷ്ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരമായി ഉപയോഗിക്കപ്പെടാറുണ്ട്. ആന്റി സെമിറ്റിക്ക് ഭാഷയെ സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തണം, സിനഗോഗുകള്‍ക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണം, ക്ലാസ് റൂമുകളില്‍ മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളെക്കുറിച്ച് പറയുമ്പോള്‍ മിതത്വം പാലിക്കണമെന്ന് ബോധവല്‍ക്കരിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ട് മുന്നോട്ട് വെയ്ക്കുന്നുണ്ട്. ട്രസ്റ്റിന്റെ റിപ്പോര്‍ട്ടിന്റെ വളര ഗൗരവത്തോടെയാണ് കാണുന്നതെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല