സ്വന്തം ലേഖകൻ: ഇറ്റാലിയന്‍ സീരി എയിലെ വംശീയാധിക്ഷേപ വിവാദത്തില്‍ ഫുട്‌ബോള്‍ ആരാധകന് 10 വര്‍ഷത്തെ വിലക്ക്. സീരി എയിലെ ബ്രഷ്യ – വെറോണ മത്സരത്തിനിടെ ഇറ്റാലിയന്‍ താരം മരിയോ ബലോട്ടെല്ലിക്കാണ് ദുരനുഭവം നേരിട്ടത്. മുന്‍പ് പലപ്പോഴും വംശീയാധിക്ഷേപത്തിനിരയായ താരമാണ് ബലോട്ടെല്ലി.
മത്സരത്തിനിടെ വെറോണ ആരാധകര്‍ ബലോട്ടെല്ലിയെ അധിക്ഷേപിക്കുകയായിരുന്നു. തുടര്‍ച്ചയായ അധിക്ഷേപം കാരണം മത്സരത്തിനിടെ പന്ത് ദേഷ്യത്തോടെ കാണികള്‍ക്കിടയിലേക്കടിച്ച് ബലോട്ടെല്ലി കളംവിടാന്‍ ശ്രമിച്ചു. എന്നാല്‍ താരത്തെ ഇരു ടീമുകളിലെയും കളിക്കാര്‍ ചേര്‍ന്ന് തടഞ്ഞ് നിര്‍ത്തുകയായിരുന്നു.
ബലോട്ടെല്ലി മൈതാനം വിടാനൊരുങ്ങിയപ്പോള്‍ സംഘാടകര്‍ കാണികള്‍ക്കു മുന്നിറിയിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ മത്സരത്തിനിടെ ബലോട്ടെല്ലിക്ക് നേരെ വംശീയാധിക്ഷേപം നടന്നിട്ടില്ലെന്ന് വെറോണ മേയര്‍ ഫെഡറിക്കോ സൊവാറീന പറഞ്ഞിരുന്നു. ആരാധകരുടെ ആര്‍പ്പുവിളികള്‍ ബലോട്ടെല്ലി തെറ്റിദ്ധരിച്ചതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
എന്നാല്‍ ഈ സംഭവത്തിലാണ് ഇപ്പോള്‍ വെറോണ ആരാധകനായ ലൂക്ക കാസ്‌റ്റെല്ലിനിക്ക് ക്ലബ്ബ് തന്നെ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 2030 ജൂണ്‍ വരെ ഇയാളെ സ്റ്റേഡിയത്തിലെത്തി മത്സരങ്ങള്‍ കാണുന്നതില്‍ നിന്ന് വിലക്കിയതായി വെറോണയുടെ പത്രക്കുറിപ്പില്‍ പറയുന്നു.
ഇറ്റാലിയന്‍ ലീഗില്‍ ഈ സീസണില്‍ തന്നെ ആഫ്രിക്കന്‍ വംശജരായ കളിക്കാര്‍ക്ക് വംശീയാധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എസി മിലാന്‍ താരം ഫ്രാങ്ക് കെസീയെ വെറോണ ആരാധകര്‍ തന്നെ അധിക്ഷേപിച്ചിരുന്നു. ഇന്റര്‍ മിലാന്‍ സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കുവിനും സമാന അനുഭവമുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല