സ്വന്തം ലേഖകന്‍: ലണ്ടനിലെ ഇന്ത്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി എയര്‍ ചൈനയുടെ ഫ്‌ലൈറ്റ് മാസിക. ലണ്ടന്‍ സന്ദര്‍ശിക്കുന്നവര്‍ ഇന്ത്യക്കാരും പാകിസ്താനികളും കറുത്ത വര്‍ഗക്കാരും അധികമുള്ള മേഖലകളില്‍ ജാഗ്രത പാലിക്കണമെന്നാണ്
എയര്‍ ചൈനയുടെ ഫ്‌ളൈറ്റ് മാഗസിനായ വിംഗ്‌സ് ഓഫ് ചൈനയിലെ സഞ്ചാരികള്‍ക്കായുള്ള മുന്നറിയിപ്പില്‍ പറയുന്നത്.
”സഞ്ചരിക്കുവാന്‍ സുരക്ഷിതമായ നഗരമാണ് ലണ്ടന്‍, എങ്കിലും ലണ്ടനില്‍ ഇന്ത്യക്കാര്‍, പാക്കിസ്താനികള്‍, കറുത്തവര്‍ഗക്കാര്‍ എന്നിവര്‍ കൂടുതലായി ജീവിക്കുന്ന മേഖലകളിലെത്തുമ്പോള്‍ ജാഗ്രത പാലിക്കണം”, മാഗസിന്‍ പറയുന്നു. എയര്‍ ചൈന വിമാനത്തില്‍ യാത്ര ചെയ്ത ഹസേ ഫന്‍ എന്ന ചൈനീസ് മാധ്യമ പ്രവര്‍ത്തകയാണ് ട്വിറ്ററിലൂടെ മാഗസിനിലെ വംശീയ പരാമര്‍ശങ്ങള്‍ ലോകത്തിന് മുന്‍പിലെത്തിച്ചത്.
വിവാദ ലേഖനത്തിന്റെ ചിത്രം സഹിതം ട്വിറ്ററില്‍ പോസ്റ്റ് ചെയത് ഹസേ ഫന്‍ ലേഖനത്തെക്കുറിച്ചുള്ള അഭിപ്രായമെന്താണെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ലണ്ടനിലെത്തുന്ന വിനോദസഞ്ചാരികള്‍ രാത്രിയില്‍ ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്നും, വനിതാ സഞ്ചാരികള്‍ പുരുഷന്‍മാര്‍ക്കൊപ്പം മാത്രമേ പുറത്ത് പോകാവൂ എന്നും ലേഖനത്തില്‍ പറയുന്നുണ്ട്.
എയര്‍ ചൈനയുടെ വംശീയ പരാമര്‍ശങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. മാഗസിനിലെ പരാമര്‍ശങ്ങള്‍ മര്യാദ ലംഘിക്കുന്നതാണെന്ന് ഇന്ത്യക്കാരും പാകിസ്താന്‍ പൗരന്‍മാര്‍ കൂടുതലായുള്ള ടൂട്ടിംഗ് മേഖലയിലെ എംപി റോസനെ അല്ലിന്‍ ഖാന്‍ പ്രതികരിച്ചു. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളുടെ സംഗമഭൂമിയാണ് ലണ്ടന്‍, അതില്‍ ഞങ്ങള്‍ക്ക് അഭിമാനിക്കുന്നുവെന്നും പറഞ്ഞ റോസനെ ലണ്ടനില്‍ വംശീയമായ ചേരിതിരിവുകള്‍ ഉണ്ടോയെന്ന് നേരിട്ടറിയുവാന്‍ ചൈനീസ് അംബാസിഡറെ ടൂട്ടിംഗ് സന്ദര്‍ശിക്കുവാന്‍ ക്ഷണിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല