സ്വന്തം ലേഖകന്‍: ‘ശരീരത്തെപ്പറ്റിയും ലൈംഗികതയെപ്പറ്റിയും പറയാന്‍ ഇന്ത്യക്കാര്‍ക്ക് ലജ്ജ,’ നടി രാധികാ ആപ്‌തേ. രാധികയുടെ പുതിയ ചിത്രം പാഡ് മാനെക്കുറിച്ച് സംസാരിക്കവെയാണ് എന്നും ധീരമായ നിലപാടുകളിലൂടെ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കാറുള്ള രാധിക മനസു തുറന്നത്. കുറഞ്ഞ ചെലവില്‍ സാനിറ്ററി പാഡ് ഉണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ച അരുണാചലം മുരുഗാനന്ദം എന്ന തമിഴ്‌നാട്ടുകാരന്റെ ജീവിതത്തെക്കുറിച്ചാണ് പാഡ് മാന്‍ എന്ന ചിത്രം.
വളരെ സ്വാഭാവികമായി സംഭവിക്കുന്ന ജൈവികചക്രത്തിന് സമൂഹം നല്‍കിയ രഹസ്യസ്വഭാവം അനാവശ്യമാണെന്ന് മനസ്സിലാക്കിക്കാന്‍ ‘പാഡ് മാന്‍’ എന്ന സിനിമയ്ക്ക് കഴിയുമെന്ന് കരുതുന്നുവെന്ന് രാധിക പറയുന്നു.അക്ഷയ് കുമാര്‍, സോനം കപൂര്‍, രാധികാ ആപ്‌തേ എന്നിവരാണ് അരുണാചലം മുരുഗാനന്തത്തെക്കുറിച്ചുള്ള, ആര്‍ ബല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്.
‘രതിയും ലൈംഗികതയും മാത്രമല്ല അതോടൊപ്പം ആര്‍ത്തവവും ഇന്ത്യക്കാര്‍ക്ക് സംസാരിക്കാന്‍ മടിയുള്ള വിഷയമാണ്. ശരീരം, ലൈംഗികത അല്ലെങ്കില്‍ ശരീരവുമായി ബന്ധപ്പെട്ട എന്തു പ്രവര്‍ത്തിയും പ്രശ്‌നമാണ് എന്ന അവസ്ഥയാണ് ഇന്ത്യയില്‍. ഇത്തരം കാര്യങ്ങളെക്കുറിച്ച് ലജ്ജ തോന്നില്ല എന്ന് തീരുമാനിച്ചാല്‍ പിന്നെ അങ്ങനെ തോന്നില്ല. ആളുകള്‍ കാണ്‍കെ പാഡ് കൊണ്ടുനടക്കുന്നത് പ്രശ്‌നമാണെന്ന് ചിന്തിക്കുന്നവരുണ്ട്. അവര്‍ക്കു മുന്നില്‍ വെച്ച് അങ്ങനെ ചെയ്താല്‍ എന്തെങ്കിലും മാറ്റമുണ്ടാകാതിരിക്കില്ല. പുരുഷന്മാര്‍ക്ക് മാത്രമല്ല ഇത്തരം കാര്യങ്ങളെ നേരിടാന്‍ പ്രശ്‌നമുള്ള സ്ത്രീകളുമുണ്ട്,’ രാധിക പറഞ്ഞു.
ആര്‍ത്തവകാലത്ത് ഭാര്യയുടെ കഷ്ടപ്പാടുകള്‍ കണ്ടാണ് കുറഞ്ഞ ചെലവില്‍ സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കാന്‍ മുരുഗാനന്ദം ഇറങ്ങിത്തിരിച്ചത്. പരീക്ഷണാര്‍ത്ഥം ഈ പാഡുവെച്ചും കൃത്രിമ ഗര്‍ഭപാത്രം കൊണ്ടുനടന്നും ചോര പുരണ്ട തുണികള്‍ ആള്‍ക്കൂട്ടത്തില്‍ കഴുകിയുമായിരുന്നു മുരുഗാനന്ദത്തിന്റെ പ്രവര്‍ത്തനം. അദ്ദേഹത്തിന് മാനസികമായി പ്രശ്‌നങ്ങളുണ്ടെന്ന് കുടുംബവും സമൂഹവും ഒറ്റപ്പെടുത്തിയപ്പോഴും മുരുകാനന്ദം തന്റെ വഴിയില്‍നിന്ന് അണുവിട മാറാന്‍ തയ്യാറായില്ല.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ സാനിറ്ററി നാപ്കിന്‍ ഉള്ള ഒരു സിനിമ എന്ന നിലയില്‍ ഇതിനെപ്പറ്റി സങ്കല്‍പിക്കാന്‍ ഒരുപാടുണ്ട് എന്നും ഇത്തരമൊരു വിഷയം ബോളിവുഡ് ചര്‍ച്ച ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും രാധിക പറഞ്ഞു. ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല