സ്വന്തം ലേഖകൻ: സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് വഴി ഐഫോണ്‍ 12 മോഡലിന്റെ റേഡിയേഷന്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കാമെന്ന് ആപ്പിള്‍ അറിയിച്ചതായി ഫ്രാന്‍സ്. ഇലക്ട്രോമാഗ്നെറ്റിക് റേഡിയേഷന്‍ അധികമായതിനാല്‍ ഐഫോണ്‍ 12ന്റെ വില്‍പ്പന ഫ്രാന്‍സ് നിരോധിച്ചിരുന്നു. ഈ മോഡലിന്റെ വില്‍പ്പന യൂറോപ് മുഴുവന്‍ നിരോധിച്ചേക്കാമെന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. ജര്‍മ്മനിയും ബെല്‍ജിയവും റേഡിയേഷന്‍ പ്രശ്‌നം പഠിച്ചുവരികയാണെന്ന് അറിയിച്ചു കഴിഞ്ഞു.
ഐഫോണ്‍ 12 മോഡലിന്റെ സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റെയ്റ്റ് (സാര്‍) കൂടുതലാണെന്ന് ഫ്രാന്‍സിന്റെ ഔദ്യോഗിക ഏജന്‍സി നടത്തിയ ടെസ്റ്റില്‍ തെളിഞ്ഞതാണ് നിരോധനത്തിനു കാരണം. യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചിരിക്കുന്ന അളവിലേറെ വികിരണമാണ് ഐഫോണ്‍ 12 പുറപ്പെടുവിക്കുന്നത് എന്നാണ് കണ്ടെത്തല്‍.
ഫേംവെയര്‍ അപ്‌ഡേറ്റ് വഴി ‘സാര്‍’ കുറച്ചുകൊണ്ടുവരാനാണ് ആപ്പിളിനോട് ഫ്രാന്‍സ് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് വരും ദിവസങ്ങളില്‍ ഒരു അപ്‌ഡേറ്റ് നല്‍കാമെന്ന് ആപ്പിള്‍ സമ്മതിച്ചതായി ഫ്രാന്‍സിന്റെ ഡിജിറ്റല്‍ മന്ത്രി ഴാങ്-നോയല്‍ ബാരറ്റ് (Jean-Noel Barrot) എക്‌സ് പ്ലാറ്റ്‌ഫോമില്‍ നടത്തിയ പോസ്റ്റില്‍ അറിയിച്ചു. ഈ അപ്‌ഡേറ്റിനു ശേഷം വീണ്ടും ഫോണ്‍ ടെസ്റ്റ് ചെയ്യുമെന്ന് ഫ്രാന്‍സ് പറയുന്നു.
യൂറോപ്യന്‍ യൂണിയന്‍ പറയുന്നത് ഒരു ഹാന്‍ഡ്‌ഹെല്‍ഡ് അല്ലെങ്കില്‍ പോക്കറ്റില്‍ കൊണ്ടു നടക്കുന്ന ഉപകരണത്തില്‍നിന്ന് 4 വാട്ട് പെര്‍ കിലോഗ്രാം ഇലക്ട്രോമാഗ്നറ്റിക് എനര്‍ജി അബ്‌സോര്‍പ്ഷനെ പാടുള്ളു എന്നാണ്. ഐഫോണ്‍ 12ന് ഇതിന്റെ 40 ശതമാനത്തിലെറെ അപ്‌സോര്‍പ്ഷന്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. അതായത് 5.74 വാട്ട് പെര്‍ കിലോഗ്രാം.
അതേസമയം, ഫ്രാന്‍സിന്റെ കണ്ടെത്തല്‍ ആപ്പിള്‍ ആദ്യം ചോദ്യംചെയ്തിരുന്നു. ആഗോള തലത്തില്‍ പല ഏജന്‍സികള്‍ ടെസ്റ്റ് ചെയ്തതാണ് ഐഫോണ്‍ 12 എന്നും, ഫ്രാന്‍സ് ടെസ്റ്റ് ചെയ്ത പ്രോട്ടോക്കോളിന്റെ പ്രശ്‌നമായിരിക്കാം സുരക്ഷാ പ്രശ്‌നം ഉയര്‍ത്താനുള്ളകാരണമെന്നും ആപ്പിള്‍ ആദ്യം പ്രതികരിച്ചിരുന്നു. എന്തായാലും ഫ്രാന്‍സ് ഉപയോഗിച്ച പ്രോട്ടോക്കോളിനു കൂടെ സ്വീകാര്യമായ രീതിയില്‍ ഒരു അപ്‌ഡേറ്റ് നല്‍കാനാണ് ആപ്പിള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഐഫോണ്‍ 12 ഇനിയും ഫ്രാന്‍സില്‍ വില്‍ക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്നും ആപ്പിള്‍അറിയിച്ചു.
അതേസമയം, മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലം ഇതുവരെ ഒരു ആരോഗ്യപ്രശ്‌നവും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലന്നുള്ള നിലപാടാണ് ലോകാരോഗ്യ സംഘടനയ്ക്ക്. പക്ഷെ, 2011ല്‍ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് റേഡിയോഫ്രീക്വന്‍സി ഇലക്ട്രോമാഗ്നറ്റിക്ഫീല്‍ഡുകള്‍ക്ക് മനുഷ്യരില്‍ ക്യന്‍സര്‍ ഉണ്ടാക്കാനുള്ള സാധ്യത കണ്ടേക്കാം എന്നും പറയുന്നു.
പക്ഷെ ഇക്കാര്യത്തില്‍ വേണ്ട തെളിവുകളില്ലെന്ന നലപാടാണ് ലോകാരോഗ്യ സംഘടനയ്ക്ക്. ഡിഎന്‍എക്കു പ്രശ്‌നമുണ്ടാക്കാന്‍ പാകത്തിലുള്ള വികിരണം സെല്‍ഫോണുകള്‍ ഉണ്ടാക്കുന്നില്ലെന്നാണ്പൊതുവെ ഗവേഷകര്‍ വിശ്വസിക്കുന്നത്. അതേസമയം, പുതിയ കാലത്ത് ആളുകള്‍ ഒരു ഫോണ്‍ മാത്രമായിരിക്കില്ല ഉപയോഗിക്കുന്നത്. ഫോണുകളും ടാബുകളും മറ്റ് ഉപകരണങ്ങളും സമീപത്തുണ്ടാകാം. ഇവയിലെല്ലാം നിന്നുള്ള വികിരണം പ്രശ്‌നകരമാകുമോ എന്ന സംയശയവും ചിലര്‍ ഉയര്‍ത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല