സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ പോയി റേഡിയോ ഓണ്‍ ചെയ്ത് വാര്‍ത്തയോ, സ്‌പോര്‍ട്‌സ് കമന്ററിയോ കേള്‍ക്കാമെന്ന് വച്ചാല്‍ നടക്കില്ല. റേഡിയോ ഓണ്‍ ചെയ്താല്‍ കേള്‍ക്കുന്നത് നല്ല മെലഡി. അതും ആവര്‍ത്തിച്ച് കേള്‍ക്കുകയും ചെയ്യാം. വ്യത്യസ്തമായ സമര രീതിയുമായി ശ്രദ്ധേയമാകുകയാണ് ഫ്രാന്‍സിലെ റേഡിയോ സമരം.
ഫ്രാന്‍സിലെ ഔദ്യോഗിക സ്റ്റേഷനികളായ ഫ്രാന്‍സ് ഇന്റര്‍ റേഡിയോ, ഫ്രാന്‍സ് ഇന്‍ഫോ എന്നിവയിലെ ജീവനക്കാരാണ് മാര്‍ച്ച് 19 മുതല്‍ സമരം നടത്തുന്നത്. വിവിധ തൊഴിലാളി യൂണിയനുകളുടെ സഹകരണത്തോടെയാണ് സമരം. ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റേഡിയോ സമരമാണിത്.
സമീപകാലത്തെ ചെലവു ചുരുക്കല്‍ നടപടികളും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാനുള്ള മാനേജ്‌മെന്റിന്റെ തീരുമാനവുമാണ് ജീവനക്കാരെ സമരപാതയില്‍ എത്തിച്ചത്. ഇതിനു മുമ്പ് 2004 ലായിരുന്നു ഫ്രാന്‍സ് കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ റേഡിയോ സമരം. അന്ന് 18 ദിവസങ്ങളാണ് റേഡിയോ നിശബ്ദമായത്.
സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോ ഫ്രാന്‍സിന്റെ കീഴില്‍ നിരവധി റേഡിയോ സ്റ്റോഷനുകളുണ്ട്. ചെലവു ചുരുക്കലിന്റെ ഭാഗമായി പരിപാടികളുടെ നിര്‍മ്മാണവും സ്റ്റേഷന്‍ നടത്തിപ്പും അടക്കുമുള്ള ചുമതലകള്‍ സ്വകാര്യമേഖലക്ക് കൈമാറുമെന്ന് നേരത്തെ റേഡിയോ ഫ്രാന്‍സ് മേധാവികള്‍ സൂചന നല്‍കിയിരുന്നു.
അതിനു പുറമേ റേഡിയോ ഫ്രാന്‍സ് തലവന്‍ മാത്യൂ ഗാലറ്റിന്റെ ഓഫീസ് ഒരു ലക്ഷം യൂറോ ചെലവഴിച്ച് മോടി പിടിപ്പിച്ചതും ജീവനക്കാരും മാനേജ്‌മെനും തമ്മിലുള്ള ബന്ധം വഷളാക്കി. സമരത്തിന് മുന്നോടിയായി ജീവനക്കാര്‍ ഈ സമരം നിങ്ങള്‍ക്കു വേണ്ടിയാണെന്ന് വ്യക്തമാക്കുന്ന ഒരു തുറന്ന കത്തും വിവിധ സ്റ്റേഷനുകളിലൂടെ ശ്രോതാക്കള്‍ക്കായി സംപ്രേക്ഷണം ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല