1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2017

സ്വന്തം ലേഖകന്‍: റയീസിന്റെ പ്രചാരണ പരിപാടികളിലെ വിലക്ക് തന്നെ കരയിച്ചതായി ഷാരൂഖ് ഖാന്റെ പാക് നായിക മാഹിറാ ഖാന്‍.ഉടന്‍ പുറത്താനിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രം റായീസിന്റെ ഇന്ത്യയിലെ പ്രചരണ പരിപാടികളില്‍ തനിക്ക് പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഏറെ ദുഖമുണ്ടെന്ന് ചിത്രത്തിലെ നായികയും പാക് നടിയുമായ മാഹിറാ ഖാന്‍ വ്യക്തമാക്കി. സ്വന്തം ജന്മനാട്ടില്‍ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ ഏറെ നിരാശയുണ്ടാക്കുന്നുവെന്നും മാഹിറ പറയുന്നു.

ഷാരൂഖ് ഖാന്‍ നായകനാകുന്ന റയീസ് രാഹുല്‍ ധൊലോക്കിയയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ജനുവരി 25 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
ചിത്രത്തിന്റെ റിലീസിന് മുന്‍പായി ഷാരൂഖ് ഖാന്‍ മഹാരാഷ്ട്ര നവനിര്‍മാണ സേനാ തലവന്‍ രാജ് താക്കറെയുമായി ചര്‍ച്ച നടത്തിയിരുന്നു. ഉറി ഭീകരാക്രമണത്തിന് ശേഷം പാക് താരങ്ങള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ മുംബൈയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടിലാണ് സേന.

ചിത്രത്തിന്റെ പ്രചരണ പരിപാടിയില്‍ മാഹിറയെ പങ്കെടുപ്പിക്കില്ലെന്നും പാക് താരങ്ങളെ ഭാവിയില്‍ തന്റെ ചിത്രങ്ങളുടെ ഭാഗമാക്കില്ലെന്നുമുള്ള ഷാരൂഖിന്റെ ഉറപ്പിന്മേലാണ് സേന റയീസിനോടുള്ള എതിര്‍പ്പ് അവസാനിപ്പിച്ചത്. തുടര്‍ന്നാണ് മാഹിറക്ക് ഇന്ത്യയിലെ പ്രചരണ പരിപാടികളില്‍ വിലക്കു വീണത്.

റയീസിന്റെ ചിത്രീകരണത്തിനിടയില്‍ മറ്റൊരുപാട് ബേളിവുഡ് അവസരങ്ങള്‍ മാഹിറയെത്തേടി വന്നിരുന്നു. എന്നാല്‍ പെട്ടന്ന് ഇന്ത്യപാക് പ്രശ്‌നം രൂക്ഷമായപ്പോള്‍ ആ പ്രോജക്ടുകളെ കുറിച്ചുള്ള ചര്‍ച്ചകളെല്ലാം പാതിവഴിയില്‍ മാഹിറയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു.

രണ്ട് വര്‍ഷമായി റയീസിനു വേണ്ടി ജോലി ചെയ്യുന്നു. എല്ലാവരുമായി നല്ലവണ്ണം അടുത്തു. യാത്ര പറഞ്ഞു പിരിഞ്ഞു പോകുമ്പോള്‍ അതിയായ ദു:ഖമുണ്ട്. സംവിധായകര്‍ രാഹുല്‍ ധലോക്കിയയോട് നന്ദിയുണ്ട്. എന്റെ മോശം സമയങ്ങളില്‍ എനിക്കൊപ്പം നിന്നു. ഷാരൂഖിനൊപ്പമുള്ള അനുഭവം മറക്കാന്‍ സാധിക്കില്ല. ഇത്രയധികം ആരാധകരുണ്ടായിട്ടും താരജാഡയില്ലാത്ത നടനാണദ്ദേഹം എന്നും മാഹിറ പറഞ്ഞു.

ഇന്ത്യപാക് ബന്ധം വഷളായതിനെ തുടര്‍ന്ന് ബോളിവുഡ് ചിത്രങ്ങള്‍ക്ക് പാകിസ്താന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിലക്ക് പാക് തിയേറ്റര്‍ ഉടമകളെ വന്‍ പ്രതിസന്ധിയില്‍ ആക്കിയപ്പോള്‍ പാകിസ്താന്‍ ഇന്ത്യന്‍ സിനിമകള്‍ക്കുള്ള നിരോധനം എടുത്തു മാറ്റുകയും ചെയ്തു. എന്നാല്‍ പാക് താരങ്ങളെ ഇന്ത്യയില്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന കടുംപിടുത്തത്തിലാണ് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന. നേരത്തെ കരണ്‍ ജോഹര്‍ ചിത്രമായ യെ ദില്‍ ഹെ മുഷികലും പാക് താരം ഫവദ് ഖാന്റെ സാന്നിധ്യം മൂലം കുരുക്കിലായിരുന്നു.

കിങ് ഖാന്‍ അധോലോക നായകനായി എത്തുന്ന റയീസ് ഷാരൂഖ് ഖാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. 1980 കളിലെ ഗുജറാത്തില്‍ മദ്യരാജാവ് ആയാണ് ഷാരൂഖ് എത്തുന്നത്. പൊലീസ് വേഷത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖും ഉണ്ട്. രാഹുല്‍ ദൊലാകിയ ആണ് സംവിധാനം. റയീസിന് ക്യാമറ ചലിപ്പിക്കുന്നത് മലയാളിയും പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനുമായ കെ.യു മോഹനന്‍ ആണ്. 2006ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഡോണിന് ശേഷം ഷാരൂഖ് ഖാനും കെ.യു മോഹനനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജനുവരി 25 ന് ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ തകര്‍പ്പന്‍ ട്രെയിലര്‍ കാണാം…

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.