സ്വന്തം ലേഖകൻ: ഗാസയിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ ഈജിപ്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമ്പോഴും റഫ അതിര്‍ത്തി തുറക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. റഫ അതിര്‍ത്തി തുറക്കാന്‍ ധാരണയായെന്നും ദിവസവും 20 ട്രക്കുകള്‍ വീതം ഗാസയിലേക്ക് പ്രവേശിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാവിലെയും റഫ അതിര്‍ത്തി തുറന്നിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.
ഇതിനിടെ റഫ അതിര്‍ത്തി ശനിയാഴ്ച തുറക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഹമാസ്-ഇസ്രയേല്‍ യുദ്ധം തുടങ്ങിയതിന് പിന്നാലെ തന്നെ ഗാസയിലേക്ക് മുഷിക സഹായം എത്തിക്കാന്‍ റഫ അതിര്‍ത്തി തുറക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ലോകരാഷ്ട്രങ്ങളും ഐക്യരാഷ്ട്രസഭയും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും റഫ അതിര്‍ത്തി വഴിയുള്ള സഹായനീക്കം ഇതുവരെ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചിട്ടില്ല. ഇതിനിടെ അല്‍ ആരിഷ് എയര്‍പോര്‍ട്ടില്‍ ഈജിപ്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി.
ഗാസയിലേക്കുള്ള മരുന്നും ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് ഒരു അധികലാന്‍ഡിങ്ങ് സ്ട്രിപ്പ് കൂടി അല്‍ ആരിഷ് വിമാനത്താവളത്തില്‍ തുറന്നിട്ടുണ്ട്. ഗാസയിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിന് സഹായ ഇടനാഴി തുറക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്കായി ഐക്യരാഷ്ട്രസഭ തലവന്‍ അന്റോണിയോ ഗുട്ടറസ് നേരത്തെ കെയ്റോയില്‍ എത്തിയിരുന്നു.
ഇതിനിടെ ഇസ്രയേലിനായി 14 ബില്യണ്‍ യുഎസ് ഡോളറിന്റെ സഹായം യുഎസ് കോണ്‍ഗ്രസിനോട് അഭ്യര്‍ത്ഥിക്കാന്‍ ജോ ബൈഡന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ യുക്രെയ്‌ന് 60 ബില്യണ്‍ യുഎസ് ഡോളര്‍ സഹായം അമേരിക്ക നല്‍കിയിരുന്നു. അമേരിക്ക പ്രതിവര്‍ഷം 32 ബില്യണ്‍ ഡോളര്‍ സഹായം നിലവില്‍ ഇസ്രയേലിന് നല്‍കിവരുന്നുണ്ട്.
ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം നെതന്യാഹുവിനാണെന്ന് ഇസ്രയേലിലെ 80 ശതമാനം ആളുകളും കരുതുന്നതായി റിപ്പോർട്ട് ഉണ്ട്. ഇസ്രയേലി ദിനപത്രമായ മാരിവ് നടത്തിയ പുതിയ അഭിപ്രായ സര്‍വെയാണ് നെതന്യാഹുവിന് തിരിച്ചടി ആയിരിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദി നെതന്യാഹു അല്ലെന്ന് വിശ്വസിക്കുന്നത് 8 ശതമാനം ആളുകള്‍ മാത്രമാണെന്നും അഭിപ്രായ സര്‍വെ വ്യക്തമാക്കുന്നു.
ഇതിനിടെ ഗാസയിലേക്ക് കരയാക്രമണം നടത്തുന്നതിനെ 65 ശതമാനം ഇസ്രായേലികളും പിന്തുണച്ചു. 21 ശതമാനം എതിര്‍ത്തു. 51 ശതമാനം ഇസ്രായേലികളും വടക്കന്‍ മുന്നണിയില്‍, ലെബനനുമായുള്ള സൈനിക നടപടിയെ പിന്തുണയ്ക്കുന്നതായും അഭിപ്രായ സർവെ പറയുന്നു.
ഇതിനിടെ ലെബനന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നിന്നും ഇസ്രയേല്‍ ആളുകളെ ഒഴിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. തെക്കന്‍ ലെബനനിനടുത്തുള്ള അതിര്‍ത്തി പട്ടണമായ കിര്യത് ഷ്‌മോണയിലെ താമസക്കാരെയാണ് ഇസ്രയേല്‍ ഒഴിപ്പിക്കുന്നത്. ഇസ്രായേല്‍-ലെബനന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സേനയും ഹിസ്ബുള്ള പോരാളികളും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് ഒഴിപ്പിക്കന്‍ നടപടി.
20,000ത്തിലധികം ജനസംഖ്യയുള്ള കിര്യത് ഷ്‌മോണ ലെബനന്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 2 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും കുടിയിറക്കപ്പെട്ട താമസക്കാരെ സര്‍ക്കാര്‍ സബ്സിഡിയുള്ള ഇസ്രയേലിനെ മറ്റിടങ്ങളിലെ ഗസ്റ്റ് ഹൗസുകളിലേക്ക് മാറ്റുമെന്ന് മന്ത്രാലയം അറിയിച്ചു.
ഗാസയില്‍ ഇസ്രായേല്‍ യുദ്ധം കടുപ്പിക്കുന്നതിനിടയിലാണ് തെക്കന്‍ അതിര്‍ത്തിയില്‍ ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലും രൂക്ഷമാകുന്നത്. ഇസ്രായേല്‍ ഗാസയില്‍ ആക്രമണം നടത്താനുള്ള പദ്ധതിയുമായി മുന്നോട്ട് പോയാല്‍ ആക്രമണം ശക്തമാക്കുമെന്നും ഹിസ്ബുള്ള ഭീഷണി മുഴുക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല