സ്വന്തം ലേഖകന്‍: റാഫേല്‍ വിമാനക്കരാര്‍ യാഥാര്‍ഥ്യമാകുന്നു, ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ 36 പോര്‍വിമാനങ്ങള്‍ വാങ്ങും. 8.8 ബില്യണ്‍ ഡോളര്‍ (880 കോടി രൂപ) മുടക്കി 36 പോര്‍വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ കരാറില്‍ ഒപ്പിടും. ആദ്യത്തെ വിമാനം ലഭിക്കാന്‍ കുറഞ്ഞത് 18 മാസമെങ്കിലും ഇന്ത്യക്ക് കാത്തിരിക്കേണ്ടിവരും.
36 ജെറ്റുകള്‍ക്ക് 12 ബില്യണ്‍ ഡോളറായിരുന്നു (1200 കോടി) ഫ്രാന്‍സ് ആദ്യം മുന്നോട്ടുവെച്ച തുക. ഇതില്‍ നിന്നും മൂന്ന് ബില്യണ്‍ കുറച്ചാണ് ഇന്ത്യക്ക് ജെറ്റുകള്‍ ലഭിക്കുന്നത്. കഴിഞ്ഞവര്‍ഷം നടത്തിയ പാരിസ് സന്ദര്‍ശനത്തില്‍ 36 ജെറ്റുകള്‍ ഓര്‍ഡര്‍ ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിരീകരിച്ചിരുന്നു.
പ്രതിരോധ മന്ത്രാലയം 120 ജെറ്റുകള്‍ വാങ്ങുന്നതിനായിരുന്നു തീരുമാനമെടുത്തിരുന്നത്. എന്നാല്‍ വില സംബന്ധിച്ച് തര്‍ക്കം തുടര്‍ന്നതിനാല്‍ വിമാനത്തിന്റെ എണ്ണത്തില്‍ കുറവു വരികയായിരുന്നു. ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ച ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്‌സ്വ ഒലാന്‍ഡെയുമായി നടത്തിയ ചര്‍ച്ചയിലും വില സംബന്ധിച്ച് തീരുമാനമായിരുന്നില്ല.
ദാസോള്‍ട്ട് ഏവിയേഷനാണ് റാഫേല്‍ ജെറ്റുകള്‍ നിര്‍മിക്കുന്നത്. പഴക്കം ചെന്ന പോര്‍വിമാനങ്ങള്‍ പിന്‍വലിക്കാന്‍ വ്യോമസേന നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. 2017 മുതല്‍ പഴയ വിമാനങ്ങള്‍ പിന്‍വലിച്ചു തുടങ്ങണമെന്നാണ് വ്യോമസേന ആവശ്യപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല