1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2024

സ്വന്തം ലേഖകൻ: പൂക്കോട് വെറ്ററിനറി കോളേജിൽ മരിച്ച സിദ്ധാർത്ഥൻ അനുഭവിച്ചത് അതിക്രൂര പീഡനമെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. 12ാം തീയതി സിദ്ധാർത്ഥൻ സഹപാഠിയോട് മോശമായി പെരുമാറിയതായി ആരോപണം ഉയർന്നു. വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് സിദ്ധാർത്ഥനെ പരസ്യമായി വിചാരണ നടത്തിയിരുന്നു. പിന്നീട് വീട്ടിലേക്ക് പുറപ്പെട്ട സിദ്ധാർഥനെ തിരിച്ച് വിളിച്ചുവരുത്തുകയായിരുന്നു. കാര്യങ്ങൾ ഒത്തുതീർപ്പാക്കാം എന്ന് പറഞ്ഞാണ് ഫോണിൽ വിളിച്ചത്. ഹോസ്റ്റലിലെ അലിഖിത നിയമം അനുസരിച്ച് ഒത്തുതീർപ്പാക്കാം എന്നാണ് പറഞ്ഞത്. തിരിച്ചെത്തിയ സിദ്ധാർത്ഥനെ ഹോസ്റ്റൽ മുറിയിൽ നിന്ന് എങ്ങും പോകാൻ അനുവദിച്ചില്ല.

16ാം തീയതി സിദ്ധാർത്ഥനെ തടങ്കലിൽ പാർപ്പിച്ചു. രാത്രിയോടെ ക്രൂരമായി മർദ്ദിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെൽറ്റ് കൊണ്ടും കേബിൾ വയർ കൊണ്ടും കൈകൊണ്ടും കാലുകൊണ്ടും അതിക്രൂരമായി മർദ്ദിച്ചു. 16ാം തീയതി രാത്രി ഒമ്പത് മണിക്ക് ആരംഭിച്ച മർദ്ദനം 17ാം തീയതി പുലർച്ചെ രണ്ട് മണി വരെ നീണ്ടു. ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയി മർദ്ദിച്ചിരുന്നു. പൊതു മധ്യത്തിൽ പരസ്യ വിചാരണ നടത്തുകയും അപമാനിക്കുകയും ചെയ്തതിനെ തുടർന്ന് മരണമല്ലാതെ മറ്റൊരു മാർഗമില്ലാത്ത സാഹചര്യത്തിലേക്ക് സിദ്ധാർത്ഥനെ പ്രതികൾ എത്തിച്ചു. 18ാം തീയതി ഉച്ചയോടെ സിദ്ധാർത്ഥൻ തൂങ്ങിമരിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൊലപാതക സാധ്യത അന്വേഷിക്കുമെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതിനിടെ സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികരണവുമായി സുഹൃത്ത് രം​ഗത്ത്. സിദ്ധാർത്ഥനെ തല്ലിയത് മൃഗീയമായിട്ടെന്നാണ് സുഹൃത്തിൻ്റെ വെളിപ്പെടുത്തൽ. അവനെ തല്ലിക്കൊന്നതാണ്. അവന്റെ ബാച്ചിൽ ഉള്ളവർക്കും പങ്കുണ്ട്. ഒരാളെ പോലും വെറുതെ വിടരുത്. പുറത്ത് നല്ലവരായി അഭിനയിക്കുകയാണെന്നും സുഹൃത്ത് പറഞ്ഞു. സുഹൃത്തിൻ്റെ ഓഡിയോ സന്ദേശം റിപോർട്ടറിന് ലഭിച്ചു. ഓഡിയോ സന്ദേശം പൊലീസിന് കൈമാറിയതായി കുടുംബം അറിയിച്ചു.

ചിലർ മാധ്യമങ്ങളോട് കാര്യങ്ങൾ പറയാൻ വിലക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് സഹപാഠികൾ പറയുന്നത്. അതുകൊണ്ട് തന്നെ തുറന്നുപറയാനുള്ള ബുദ്ധിമുട്ടുണ്ട്. സിൻജോ അടക്കമുള്ളവർ ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു കുടുംബം ആരോപിച്ചിരുന്നത്. ഒരുകൂട്ടം വിദ്യാർത്ഥികൾ‌ ഭയപ്പെടുത്തുന്നു എന്ന കാര്യങ്ങളാണ് സുഹൃത്തുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. അതുകൊണ്ട് തന്നെയാണ് തുറന്നുപറച്ചിലിന് തയ്യാറാകാത്തത്. സുഹൃത്തിന്റെ ഓഡിയോ പൂർണമായും കേട്ട ശേഷം പൊലീസ് അടുത്ത നടപടിയിലേക്ക് കടക്കും എന്നതാണ് സൂചന.

ആരാണ് തങ്ങളെ ഭീഷണിപ്പെടുത്തുന്നതെന്ന് പറയാനോ അവരുടെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്താനോ വിദ്യാർത്ഥികൾ ഇതുവരെ തയ്യാറായിട്ടില്ല. ഭാവിയെ ബാധിക്കുമെന്നും ജീവന് തന്നെ ഭീഷണിയാവുമെന്നുമുള്ള പേടി വിദ്യാർത്ഥികൾക്കുണ്ട്. അതുകൊണ്ടാണ് പരസ്യ പ്രതികരണത്തിന് തയ്യാറാവുന്നില്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.