സോണിയ ഗാന്ധി ചികിത്സയ്ക്കായി അമേരിക്കയില്‍ കഴിയുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ എല്ലാ കണ്ണുകളും ചെല്ലുന്നത് രാഹുല്‍ ഗാന്ധിയിലേയ്ക്കാണ്. സോണിയയ്ക്ക് ചെറുതല്ലാത്ത ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ദീര്‍ഘകാലം വിശ്രമം വേണ്ടിവരുമെന്നുമാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസില്‍ ഇതൊരു അധികാരക്കൈമാറ്റത്തിനുള്ള സാധ്യതയുണ്ടാക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
സോണിയ മാറിനില്ക്കുമ്പോള് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനെ നയിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇപ്പോള്‍ തന്റെ അസാന്നിധ്യത്തില്‍ പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങള്‍ നോക്കിനടത്താനായി രാഹുലിന്റെ നേതൃത്വത്തിലുള്ള സമിതിയെയാണ് സോണിയ ചുമതലപ്പെടുത്തിയിരിക്കുന്നത്. മുതിര്‍ന്ന നേതാവ് എകെ ആന്റണിയുള്പ്പെട്ടതാണ് ഈ സമിതി.
ചികിത്സ കഴിഞ്ഞ് സോണിയ പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലേയ്ക്ക് മടങ്ങിയെത്താന്‍ വൈകുകയാണെങ്കില്‍ പാര്‍ട്ടി അധ്യക്ഷ പദവിയില്‍ താല്‍ക്കാലികമായി രാഹുല്‍ നിയോഗിക്കപ്പെട്ടേയ്ക്കുമെന്നും സൂചനയുണ്ട്. ചികിത്സ കഴിഞ്ഞ് മൂന്നാഴ്ചത്തെ വിശ്രമമാണ് സോണിയയ്ക്ക് വേണ്ടതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള റിപ്പോര്‍ട്ട് അനുസരിച്ച് സോണിയ കാന്‍സര്‍ രോഗത്തിനാണ് ചികിത്സ തേടുന്നത്. അതിനാല്‍ത്തന്നെ വിശ്രമം കൂടുതല്‍ക്കാലം വേണ്ടിവരുമെന്നകാര്യം ഉറപ്പാണ്. ഈ അവസരത്തില്‍ രാഹുല്‍ തന്നെയായിരിക്കും പാര്‍ട്ടിയെ നയിക്കുക.
ഇതാദ്യമായിട്ടാണ് തന്റെ അഭാവത്തില്‍ പാര്‍ട്ടി കാര്യനിര്‍വ്വഹണത്തിനായി സോണിയ ഒരു ക്രൈസിസ് കമ്മിറ്റിയ്ക്ക രൂപം നല്‍കുന്നത്. ആന്റണിയ്ക്കൊപ്പം അഹമ്മദ് പട്ടേലും ജനാര്‍ദ്ദന്‍ ദ്വിവേദിയും ഇതില്‍ അംഗങ്ങളാണ്. ഈ നീക്കം തന്നെ ഏറെനാള്‍ പാര്‍ട്ടിയില്‍ സോണിയയുടെ അസാന്നിധ്യം തുടരുമെന്നതിന് സൂചനയാണെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല