രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃസ്ഥാനം ഏറ്റെടുത്തേക്കും എന്ന് സൂചന. ഏപ്രിലില്‍ ജയ്പൂര്‍ ചിന്തന്‍ ബൈഠകിനു സമാനമായ ഒരു സമ്മേളനത്തില്‍ വച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നത്. 2013 ല്‍ ജയ്പൂര്‍ ചിന്തന്‍ ബൈഠകില്‍ വച്ചാണ് രാഹുല്‍ ഗാന്ധിയെ പാര്‍ട്ടിയുടെ അടുത്ത നേതാവായി ഉയര്‍ത്തി കൊണ്ടുവരാനുള്ള തീരുമാനം കോണ്‍ഗ്രസ് പാര്‍ട്ടി പ്രഖ്യാപിച്ചത്.
മാര്‍ച്ച് 28 നും ഏപ്രില്‍ 15 നും ഇടയില്‍ എഐസിസി യോഗം വിളിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ആ കാലയളവില്‍ പാര്‍ലമെന്റ് സമ്മേളിക്കാത്തതിനാല്‍ ആണിത്.രാഹുലിലേക്കുള്ള അധികാര കൈമാറ്റത്തിന് പാര്‍ട്ടിയുടെ അംഗീകാരം നേടുക എന്നതാവും എഐസിസി യോഗത്തിന്റെ പ്രധാന അജണ്ട.
രാഹുല്‍ എത്രയും വേഗം നേതൃത്വം ഏറ്റെടുക്കണം എന്നാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ ആഗ്രഹം എന്നാണ് സൂചന. രാഹുല്‍ പാര്‍ട്ടിയെ നയിക്കുമ്പോള്‍ സോണിയാ ഗാന്ധി പാര്‍ലമെന്ററി പാര്‍ട്ടി അദ്ധ്യക്ഷയായി തുടരും.
മഹാരാഷ്ട്ര, മുംബൈ സിറ്റി, ജമ്മു കശ്മീര്‍, ഗുജറാത്ത്, ഡല്‍ഹി, തെലുങ്കാന എന്നിവിടങ്ങളിലെ സമീപ കാല നേതൃമാറ്റങ്ങള്‍ പാര്‍ട്ടി ഒരു തലമുറ മാറ്റത്തിന് തയ്യാറെടുക്കുകയാണ് എന്ന സൂചനയാണ് നല്‍കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു ശേഷം പാര്‍ട്ടിയില്‍ നേതൃമാറ്റം സംബന്ധിച്ച ധ്രുവീകരണം ശക്തമായിരുന്നു. സോണിയയുടെ നേതൃത്വത്തില്‍ കീഴില്‍ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ താത്പര്യപ്പെടുന്നു. നേതൃത്വം ഏറ്റെടുക്കാന്‍ രാഹുലിന് സമയം ആയിട്ടില്ല എന്ന നിലപാടാണ് അവര്‍ക്ക്.
എന്നാല്‍ പാര്‍ട്ടിയിലെ യുവാക്കളാകട്ടെ നേതൃമാറ്റം വൈകുന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് തള്ളിവിടും എന്ന പക്ഷക്കാരാണ്. ഈ രണ്ടു വിഭാഗങ്ങളേയും ഒരുമിച്ചു കൊണ്ടുവന്ന് ഒരു സമവായം ഉണ്ടാക്കാനും കൂടുതല്‍ പൊട്ടിത്തെറികള്‍ ഇല്ലാതെ രാഹുലിനെ നേതൃ സ്ഥാനത്തേക്ക് അവരോധിക്കാനും നേതൃത്വം ആഗ്രഹിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല