1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2023

സ്വന്തം ലേഖകൻ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനത്തിനുള്ള അയോഗ്യത തുടരും. അപകീർത്തി കേസിൽ രണ്ട് വര്‍ഷത്തെ തടവുശിക്ഷ വിധിച്ച സൂറത്ത് മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീലാണ് സൂറത്ത് സെഷൻസ് കോടതി തള്ളിയത്. കുറ്റവും ശിക്ഷയും സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് കോടതി തള്ളിയത്.

രാഹുലിന് ഇനി ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാം. അയോഗ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ രാഹുൽ ഔദ്യോഗിക വസതി ഒഴിയും. രാഹുല്‍ ഗാന്ധിക്കെതിരായ കുറ്റവും, ശിക്ഷയും കോടതി സ്റ്റേ ചെയ്യുമെന്നും, അങ്ങനെ വന്നാൽ പാർലമെന്‍റ് അംഗത്വത്തിലെ അയോഗ്യത നീങ്ങുമെന്നും കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നു.

2019-ലെ കേസിലാണ് മാര്‍ച്ച് 23-ാം തീയതി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എച്ച്.എച്ച്.വെര്‍മ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷാവിധിക്ക് പിന്നാലെ രാഹുലിന്റെ ലോക്സഭ അംഗത്വവും റദ്ദാക്കിയിരുന്നു. ശിക്ഷാവിധിക്ക് പിന്നാലെ 15,000 രൂപയുടെ ജാമ്യത്തിൽ രാഹുലിന് ജാമ്യം നല്‍കുകയും 30 ദിവസത്തേക്ക് അറസ്റ്റ് തടയുകയും ചെയ്തിരുന്നു. മേല്‍ക്കോടതിയെ സമീപിക്കുന്നതിനായാണ് രാഹുലിന് 30 ദിവസത്തെ സമയം അനുവദിച്ചത്.

2019 ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്ലാ കള്ളന്മാരുടെ പേരിലും മോദി ഉണ്ടെന്ന രാഹുലിന്റെ പരാമർശമാണ് കേസിനാധാരം. ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ പരാതി കൊടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.