സ്വന്തം ലേഖകന്‍: വാശിയേറിയ മത്സരം നടന്ന ഉത്തര്‍പ്രദേശിലെ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തോല്‍വി. കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ സ്മൃതി ഇറാനിയോട് നാല്പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് രാഹുല്‍ഗാന്ധിയുടെ പരാജയം. 2014ല്‍ രാഹുലിനോട് പരാജയപ്പെട്ട സ്മൃതി ഇറാനിക്ക് ഇത്തവണത്തെ വിജയം ഒരു മധുരപ്രതികാരമായി.
2004 മുതല്‍ രാഹുല്‍ഗാന്ധി പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് അമേഠി. കഴിഞ്ഞ മൂന്നുതവണയും എതിര്‍സ്ഥാനാര്‍ഥികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു രാഹുലിന്റെ വിജയം. പക്ഷേ, ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയിട്ടും രാഹുല്‍ഗാന്ധിക്ക് അടിപതറുകയായിരുന്നു.
അതേസമയം, വയനാട് ലോക്‌സഭ മണ്ഡലത്തില്‍ കേരളത്തിലെ റെക്കോഡ് ഭൂരിപക്ഷവുമായാണ് രാഹുല്‍ ഗാന്ധി വിജയിച്ചത്. നാലുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍നിന്ന് ലോക്‌സഭയിലെത്തുന്നത്. ഒരുപക്ഷേ, വയനാട്ടില്‍ മത്സരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇത്തവണ ലോക്‌സഭ കാണുകപോലുമില്ലായിരുന്നു.
കേരളത്തില്‍ ആഞ്ഞടിച്ച രാഹുല്‍ കൊടുങ്കാറ്റിന്റെ ഊര്‍ജകേന്ദ്രമായ വയനാട്ടില്‍, കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷങ്ങളിലൊന്നാണു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു വോട്ടര്‍മാര്‍ സമ്മാനിച്ചത്– 4,31,770. സംസ്ഥാനത്തു ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ സ്ഥാനാര്‍ഥിയും രാഹുലാണ്– 7,06,367. രാജ്യത്തെ തന്നെ തലയെടുപ്പുള്ള രാഷ്ട്രീയ നാടാണിപ്പോള്‍ വയനാട്. എതിര്‍ സ്ഥാനാര്‍ഥി സിപിഐയിലെ പി.പി.സുനീര്‍ 2,74,597 വോട്ടുമായി സാന്നിധ്യമറിയിച്ചു. ബിഡിജെഎസിന്റെ തുഷാര്‍ വെള്ളാപ്പള്ളി 78,816 വോട്ടിലൊതുങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല