1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2019

സ്വന്തം ലേഖകന്‍: ‘എന്റെ സുരക്ഷയെ കുറിച്ചോര്‍ത്ത് അമ്മയ്ക്ക് ഭയമാണ്; ഹെലികോപ്റ്ററിലും വിമാനത്തിലുമുള്ള എന്റെ യാത്രകള്‍ അവരെ അസ്വസ്ഥയാക്കുന്നു,’ രാഹുല്‍ ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട തിരക്കുകളിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചരണങ്ങളും റാലികളും നടത്തി പരാമാവധി ജനങ്ങളുമായി സംവദിക്കുകയാണ് അദ്ദേഹം. കോണ്‍ഗ്രസ് നേതൃനിരയിലേക്കുള്ള തന്റെ പ്രവേശനം ഏറെ സന്തോഷത്തോടെയാണ് തന്റെ അമ്മ പ്രഖ്യാപിച്ചതെങ്കിലും തന്റെ സുരക്ഷയോര്‍ത്ത് അവര്‍ക്ക് ആശങ്കയാണെന്ന് പറയുകയാണ് രാഹുല്‍. ജനതാ കാ റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു രാഹുലിന്റെ തുറന്നു പറച്ചില്‍.

തെരഞ്ഞെടുപ്പ് റാലികള്‍ ഉള്‍പ്പെടെ താങ്കള്‍ നടത്തുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും സോണിയാ ഗാന്ധി അന്വേഷിക്കാറുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഉണ്ടെന്നായിരുന്നു രാഹുലിന്റെ മറുപടി. ‘ ഞാന്‍ എവിടെയാണെന്ന് അവര്‍ അന്വേഷിച്ചുകൊണ്ടേയിരിക്കും. എന്റെ സുരക്ഷയെ കുറിച്ചോര്‍ത്ത് അവര്‍ക്ക് ഭയമാണ്. പ്രത്യേകിച്ചും ഹെലികോപ്റ്ററിലും വിമാനത്തിലുമൊക്കെയുള്ള എന്റെ യാത്ര അവരെ അസ്വസ്ഥയാക്കുന്നുണ്ടെന്നാണ് തോന്നുന്നത്’ രാഹുല്‍ പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അമ്മയുമായും സഹോദരിയുമായും ചര്‍ച്ച ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പുകാര്യങ്ങളൊന്നും കാര്യമായി പറയാറില്ലെന്നും പലപ്പോഴും ഹലോ ഹായ് എന്തെല്ലാമുണ്ട് എന്നെല്ലാം ചോദിച്ച് പിരിയാറാണ് പതിവെന്നും രാഹുല്‍ പറയുന്നു. ഒരു നേതാവെന്ന നിലയില്‍ താങ്കള്‍ വളര്‍ന്നെന്ന് തോന്നുന്നുവോ എന്ന ചോദ്യത്തിന് അത് പറയേണ്ടത് താനല്ല മറ്റുള്ളവരാണെന്നായിരുന്നു രാഹുലിന്റെ മറുപടി. ‘ എന്നെ കുറിച്ച് പറയേണ്ടത് ഞാനല്ല. എന്നാല്‍ എന്നില്‍ തീര്‍ച്ചയായും മാറ്റങ്ങള്‍ ഉണ്ട്. എന്നില്‍ അത്തരമൊരു മാറ്റം വന്നിട്ടുണ്ടെങ്കില്‍ അത് നല്ല മാറ്റമാണെങ്കില്‍ അത് ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടി മാത്രമാണ്. ഞാന്‍ മുന്‍പുള്ളതിനേക്കാള്‍ അവരെ കേള്‍ക്കാന്‍ തുടങ്ങി, മനസിലാക്കാന്‍ തുടങ്ങി. അതിന് കാരണക്കാര്‍ ഇവിടുത്തെ ജനങ്ങളും മാധ്യമങ്ങളുമാണ് രാഹുല്‍ പറഞ്ഞു.

300 പ്ലസ് സീറ്റുകിട്ടുമെന്നാണല്ലോ ബി.ജെ.പി പറയുന്നത്, നിങ്ങള്‍ പ്രതീക്ഷിക്കുന്നത് എത്രയാണ് എന്ന ചോദ്യത്തിന് , 300 ല്‍ അധികമോ? നിങ്ങള്‍ ബൂത്തിന്റെ കാര്യമാണോ ഉദ്ദേശിച്ചത് എന്ന് ചോദിച്ച് ചിരിക്കുകയായിരുന്നു രാഹുല്‍. ‘എനിക്ക് അത്തരം ടാര്‍ഗറ്റുകളൊന്നും വയ്ക്കാനില്ല. ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദം പ്രകടിപ്പിക്കുകയാണ് എന്റെ ലക്ഷ്യം, അവരെ ശ്രദ്ധാപൂര്‍വം കേള്‍ക്കുകയാണ് എന്റെ ലക്ഷ്യം. അവര്‍ക്ക് എന്താണ് വേണ്ടത് എന്ന് മനസിലാക്കുകയും അവര്‍ക്കാവശ്യമുള്ള സഹായങ്ങള്‍ നല്‍കുകയുമാണ് എന്റെ ലക്ഷ്യം. മെയ് 23 ന് ഇന്ത്യന്‍ ജനത നല്‍കുന്ന ജനവിധിയെയാണ് ഞാന്‍ ആശ്രയിക്കുന്നത്. അതിനെയാണ് ഞാന്‍ ബഹുമാനിക്കുന്നത്,’ രാഹുല്‍ പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.