1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2018

സ്വന്തം ലേഖകന്‍: എല്‍.ടി.ടി.ഇ. നേതാവ് വേലുപ്പിള്ള പ്രഭാകരനെ ശ്രീലങ്കന്‍ സൈന്യം കൊന്നതില്‍ താനും സഹോദരി പ്രിയങ്കയും സന്തുഷ്ടരായിരുന്നില്ലെന്ന് രാഹുല്‍ ഗാന്ധി. തങ്ങളുടെ പിതാവ് രാജീവ് ഗാന്ധിയെ കൊല്ലാന്‍ ഉത്തരവിട്ട എല്‍.ടി.ടി.ഇ. നേതാവ് വേലുപ്പിള്ള പ്രഭാകരനെ ശ്രീലങ്കന്‍ സൈന്യം കൊന്നതില്‍ താനും സഹോദരി പ്രിയങ്കയും സന്തുഷ്ടരായിരുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രഭാകരനെതിരായ ആക്രമണത്തില്‍ അയാളുടെ മക്കളും ഇരയായതായും അവരില്‍ താന്‍ തന്നെ കണ്ടെന്നും രാഹുല്‍ പറഞ്ഞു. ജര്‍മന്‍സന്ദര്‍ശനത്തിനിടെ ഹാംബര്‍ഗിലെ ബുസേറിയസ് സമ്മര്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ മുത്തശ്ശിയും (ഇന്ദിരാഗാന്ധി) അച്ഛനും (രാജീവ് ഗാന്ധി) കൊല്ലപ്പെടുകയായിരുന്നു. എന്റെ അനുഭവസമ്പത്തില്‍നിന്നാണ് പറയുന്നത്. അക്രമത്തിനുശേഷം നമുക്ക് മുന്നോട്ടുപോകാന്‍ കഴിയുക ക്ഷമിക്കുന്നതിലൂടെ മാത്രമാണ്. അങ്ങനെ ക്ഷമിക്കണമെങ്കില്‍ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നും എങ്ങനെയാണ് സംഭവിച്ചതെന്നും മനസ്സിലാക്കണം,’ രാഹുല്‍ പറഞ്ഞു. 2009 ലാണ് ശ്രീലങ്കന്‍ സൈന്യം പ്രഭാകരനെ വെടിവെച്ചുകൊന്നത്.

ചടങ്ങില്‍ രാഹുല്‍ ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിനെ (ഐ.എസ്.) പരാമര്‍ശിച്ചത് വിവാദത്തിനിടയാക്കി. ജനങ്ങളെ വികസനപ്രക്രിയകളില്‍നിന്ന് മാറ്റിനിര്‍ത്തിയതിന്റെ ഫലമാണ് ഐ.എസ്. അടക്കമുള്ള സായുധസംഘങ്ങള്‍ രൂപവത്കരിക്കപ്പെട്ടതെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

‘2003ല്‍ യു.എസ്. ഇറാഖിനെ ആക്രമിച്ചു. അതിനുശേഷം ഇറാഖില്‍ ഒരുനിയമം വന്നു. ഒരു പ്രത്യേക ഗോത്രവിഭാഗത്തെ സര്‍ക്കാര്‍ ജോലികളില്‍നിന്നും സൈന്യത്തില്‍ ചേരുന്നതില്‍നിന്നും വിലക്കുന്ന നിയമമായിരുന്നു അത്. അതേത്തുടര്‍ന്ന് ഒട്ടേറെയാളുകള്‍ സായുധസംഘങ്ങളില്‍ ചേര്‍ന്ന് യു.എസിനെതിരേ പോരാടി. തുടര്‍ന്ന് ഇത്തരം സംഘങ്ങള്‍ സിറിയ അടക്കമുള്ള രാജ്യങ്ങളിലേക്ക് വ്യാപിച്ചു. അങ്ങനെ ഐ.എസുണ്ടായി,’ എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.