സ്വന്തം ലേഖകന്‍: രാഹുല്‍ പശുപാലനെതിരെ ആരോപണവുമായി പിതാവ് രംഗത്ത്, പാലക്കാട്ടും പെണ്‍വാണിഭം നടത്തിയിരുന്നതായി ചോദ്യം ചെയ്യലില്‍ സൂചന ലഭിച്ചു. ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് രാഹുലിനെ വിമര്‍ശിച്ചു കൊണ്ട് പിതാവ് പശുപാലന്‍ രംഗത്തെത്തിയത്. മകന്‍ തന്നെ ഉപദ്രവിച്ചിരുന്നതായും തന്റെ മകനെ ഇങ്ങനെയാക്കി മാറ്റിയത് ഭാര്യ രശ്മി ആര്‍ നായരാണെന്നും പിതാവ് ആരോപിക്കുന്നു.
കര്‍ണാടകയിലെ ജയിലിലുള്ള മോഡലിനെ ഇറക്കി കൊണ്ടുവരാന്‍ ഒന്നരലക്ഷം രൂപ തന്റെ കയ്യില്‍ നിന്നും പിടിച്ചു വാങ്ങി കൊണ്ടുപ്പോയിട്ടുണ്ടെന്ന് പിതാവ് വ്യക്തമാക്കി. അതിനുശേഷവും പണത്തിന് ചോദിച്ചു, കൊടുക്കാതായപ്പോള്‍ ഉപദ്രവിച്ചെന്നും അദ്ദേഹം പറയുന്നു. മകളുടെ വിവാഹത്തിനുവെച്ച പണമെല്ലാം കൊണ്ടു പോയി നശിപ്പിച്ചെന്നും പിതാവ് പറയുന്നു. പണം നല്‍കാതായപ്പോള്‍ വീടിന്റെ ജനച്ചില്ലുകള്‍ രാഹുല്‍ തകര്‍ത്തിരുന്നു.
ഇവരെ പെണ്‍വാണിഭ കേസില്‍ അറസ്റ്റ് ചെയ്തത് കേട്ടപ്പോള്‍ ഒരു ഞെട്ടലും തോന്നിയിട്ടില്ലെന്നും പശുപാലന്‍ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് രാഹുലും രശ്മിയും പിടിയിലാകുന്നതെങ്കിലും ഇവര്‍ ഏറെ നാളായി പെണ്‍വാണിഭ സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിയ്ക്കുകയായിരുന്നു എന്നാണ് വാര്‍ത്തകള്‍. തെളിവ് ശേഖരണത്തിന്റെ ഭാഗമായി ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ഒരു വര്‍ഷം മുമ്പ് തങ്ങളെ പാലക്കാട് വച്ച് പെണ്‍വാണിഭത്തിന് നാട്ടുകാര്‍ പിടികൂടിയിരുന്നു എന്ന് രാഹുല്‍ പശുപാലന്‍ മൊഴിനല്‍കിയതാണ് പുതിയ വാര്‍ത്ത. പാലക്കാട് കുഴല്‍മന്ദത്ത് ഒരു വീട്ടില്‍ താമസിയ്ക്കവെ സംശയം തോന്നിയ നാട്ടുകാര്‍ പ്രശ്‌നമുണ്ടാക്കിയെങ്കിലും സദാചാര പോലീസ് പ്രശ്‌നം കത്തിനിന്ന അന്നത്തെ സാഹചര്യത്തില്‍ രാഹുലും രശ്മിയും നാട്ടുകാര്‍ സദാചാര പോലീസ് ചമയുന്നു എന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. ചുംബന സമരം സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരുന്ന സമയം കൂടിയായിരുന്നു അത്.
അതേസമയം ഹൈക്കോടതി അഭിഭാഷകയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ രാഹുലിനെതിരെ കുറ്റപത്രം തയ്യാറാക്കി. എന്നാല്‍ ഏറെനാള്‍ മുമ്പ് നടന്ന സംഭവത്തില്‍ ഇപ്പോള്‍ മാത്രമാണ് കുറ്റപത്രം തയ്യാറാക്കിയതെന്നത് പലകോണുകളില്‍ നിന്ന് ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല