സ്വന്തം ലേഖകന്‍: ഓണ്‍ലൈന്‍ പെണ് വാണിഭം, നെടുമ്പാശേരിയില്‍ പോലീസിനെ കാറിടിച്ച് രക്ഷപ്പെട്ട രണ്ടു സ്ത്രീകള്‍ പിടിയില്‍. ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലെ പ്രമുഖരായ ഇവര്‍ നെടുമ്പാശ്ശേരിയില്‍വെച്ച് പോലീസിനെ കാറിടിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. മുബീന, വന്ദന എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിലെ പാലപ്പാളയത്തെ ആയുര്‍വേദ റിസോര്‍ട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
ഇവരെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച സുള്‍ഫിക്കര്‍ എന്നയാളും അറസ്റ്റിലായി. രാഹുല്‍ പശുപാലനും ഭാര്യ രശ്മിയുമടക്കം ആറു പേരെ പിടികൂടിയതിനു ശേഷമായിരുന്നു മറ്റൊരു സംഘത്തെ പിടികൂടുന്നതിനായി ക്രൈം ബ്രാഞ്ച് സംഘം നെടുമ്പാശ്ശേരിയില്‍ റോഡരികില്‍ നിലയുറപ്പിച്ചത്.
കാലടി ഭാഗത്തേക്കുള്ള റോഡില്‍ ആഡംബര ഹോട്ടലിന്റെ മുന്നില്‍ ഇടപാടുകാരെന്ന വ്യാജേന മഫ്ടിയില് നിന്നിരുന്ന പോലീസ് ഫോണില്‍ ബന്ധപ്പെട്ടതനുസരിച്ച് രണ്ട് യുവതികളുമായി ആള്‍ട്ടോ കാറില്‍ ഇടനിലക്കാരന് എത്തി. എന്നാല്‍ കാറിനടുത്തേക്ക് വന്ന പോലീസിന്റെ നീക്കങ്ങളില്‍ സംശയം തോന്നിയ ഇയാള്‍ പെട്ടെന്ന് കാറോടിച്ച് കടന്നുകളയുകയായിരുന്നു. കാര്‍ ഇടിച്ച് ക്രൈം ബ്രാഞ്ച് എസ്ഐ കെ.ജെ. ചാക്കോയ്ക്ക് പരിക്കേറ്റു.
രാഹുല്‍ പശുപാലനും രശ്മിയും അടക്കം നേരത്തെ പിടിയിലായ പ്രതികളെയെല്ലാം കോടതി കൂടുതല്‍ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല