ന്യൂദല്‍ഹി: സൂപ്പര്‍സ്റ്റാറുകളുടെ വീടുകളില്‍ നടന്ന റെയ്ഡ് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ താരങ്ങള്‍ക്ക് ദുബായിയിലുണ്ടായിരുന്ന ചില രഹസ്യബന്ധങ്ങളെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ നില്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.
ഈ താരങ്ങള്‍ തങ്ങളുടെ ചിത്രത്തിന്റെ പ്രമോഷനുവേണ്ടി നടത്തിയ വഴിവിട്ട ശ്രമമാണ് ഇവര്‍ക്ക് ഭീഷണിയായത്. മിഡില്‍ ഈസ്റ്റ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയുമായി ഈ താരങ്ങള്‍ അടുത്തിടെ നടത്തിയ കോണ്‍ട്രാക്ടുകള്‍ ഇവരുടെ വഴിവിട്ട ബന്ധം തെളിയിക്കുന്നതാണ്. ഈ ഇടനിലക്കാര്‍ ദീര്‍ഘകാലങ്ങളായി ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു. ചില ഹിന്ദി ചിത്രങ്ങളെ മിഡില്‍ ഈസ്റ്റിലിരുന്ന് നിയന്ത്രിക്കുന്നത് ഇയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ വ്യക്തിക്ക് ദുബായിയിലുള്ള ഒരു ബിസിനസുകാരനുമായി ബന്ധമുള്ളതായും മോഹലാലിന്റെയും മമ്മൂട്ടിയുടെയും അടുത്തിടെ പുറത്തിറങ്ങിയ ചില ചിത്രങ്ങളുടെ സാറ്റലൈറ്റ് റൈറ്റ് ഇയാള്‍ സ്വന്തമാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.
ഈ ബിസിനസുകാരനുമായി സൂപ്പര്‍താരങ്ങള്‍ തങ്ങളുടെ ചിത്രങ്ങളുടെ സാറ്റലൈറ്റ് റൈറ്റ് വര്‍ധിപ്പിക്കുന്നതിനായി ഒരൂ എഗ്രിമെന്റുണ്ടാക്കിയതായാണ് ചില ഐ.ബി വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം. ഇതിനായി ദുബായിയില്‍ വച്ച് ഇയാള്‍ക്ക് പണം കൈമാറിയതായും കണ്ടെത്തിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ഈ പണത്തിന്റെ ഒരു ഭാഗം തങ്ങള്‍ക്ക് സിനിമയില്‍ നിന്നും ലഭിച്ച പ്രതിഫലമാണെന്നാണ് നടന്‍മാര്‍ രേഖകളില്‍ കാണിച്ചിട്ടുള്ളത്.
നിര്‍മ്മാതാക്കളില്‍ നിന്ന് പ്രതിഫലമായി കോടികള്‍ വാങ്ങുമ്പോഴും ഈ താരങ്ങള്‍ രേഖയില്‍ കാണിച്ചിരുന്നത് ലക്ഷങ്ങള്‍ മാത്രമാണ്. ഇത്തരം പ്രവണതകള്‍ നികുതി വരുമാനത്തില്‍ വന്‍ നഷ്ടമാണുണ്ടാക്കുന്നത്.
ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെക്കാലമായി താരങ്ങള്‍ ഐ.ടി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ ഇവര്‍ ബന്ധപ്പെട്ട ആളുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് താരങ്ങളെ ചോദ്യം ചെയ്യാന്‍ ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് നിര്‍ബന്ധിതരാവുകയായിരുന്നു.
ചില ബോളിവുഡ് നടന്മാരുടെ വീടുകളില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് കണ്ടെത്തിയ രേഖകളില്‍ മലയാളത്തിലെ ചില നടന്മാരുടെ പേരുകള്‍ കണ്ടെത്തിയതും റെയ്ഡിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല