സ്വന്തം ലേഖകന്‍: ട്രംപിന്റെ അഭിഭാഷകന്റെ ഓഫീസില്‍ എഫ്.ബി.ഐ റെയ്ഡ്; തന്നെ അപമാനിക്കാനുള്ള ശ്രമമെന്ന് തുറന്നടിച്ച് ട്രംപ്. എഫ്.ബി.ഐ നടപടി അപമാനകരവും രാജ്യത്തിന് നേരെയുള്ള ആക്രമണത്തിന് സമാനവുമാണെന്ന് ട്രംപ് പ്രതികരിച്ചു. എഫ്.ബി.ഐ തന്നെ അപമാനിക്കാനാണ് ശ്രമിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ട്രംപിനെതിരെ ലൈംഗീകാരോപണം ഉന്നയിച്ച പോണ്‍ നായിക സ്റ്റോമി ഡാനിയലിന് പണം നല്‍കിയതുമായി ബന്ധപ്പെട്ടാണ് ട്രംപിന്റെ അഭിഭാക്ഷകന്‍ മൈക്കല്‍ കോഹന്റെ ഓഫീസില്‍ എഫ്.ബി.ഐ റെയ്ഡ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഓഫീസില്‍ നിന്ന് എഫ്.ബി.ഐ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്ന റോബര്‍ട്ട് മ്യൂളര്‍ കമ്മീഷന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. 2006–07 കാലഘട്ടത്തില്‍ ട്രംപുമായി അടുത്ത ബന്ധമുണ്ടായിരുന്ന കാര്യം പുറത്തുപറയാതിരിക്കാനായി 1.3 ലക്ഷം ഡോളറിന്റെ കരാറുണ്ടാക്കിയതും പണം കൈമാറിയതും ഈ അഭിഭാഷകനായിരുന്നുവെന്നു നടി വെളിപ്പെടുത്തിയിരുന്നു.
സ്റ്റെഫാനിക്ക് പണം നല്‍കിയിട്ടില്ല എന്നാണ് കഴിഞ്ഞ ദിവസം ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ നടിക്ക് പണം നല്‍കിയ കാര്യം മൈക്കല്‍ കോഹന്‍ സമ്മതിച്ചെങ്കിലും എന്തിനാണ് പണം നല്‍കിയതെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല