സ്വന്തം ലേഖകന്‍: കേന്ദ്ര റയില്‍ ബജറ്റ് ഇനിയില്ല, അവസാനിക്കുന്നത് 92 വര്‍ഷം പഴക്കമുള്ള കീഴ്വഴക്കം. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പ്രത്യേക റെയില്‍ ബജറ്റ് ഉണ്ടാകില്ല. പകരം റെയില്‍ ബജറ്റിനെ പൊതുബജറ്റില്‍ ലയിപ്പിക്കാനുള്ള ശിപാര്‍ശ കേന്ദ്ര ധനമന്ത്രാലയം അംഗീകരിച്ചു. ഇതോടെ 92 വര്‍ഷം മുമ്പ് 1924 ല്‍ ആദ്യമായി അവതരിപ്പിച്ച റയില്‍ ബജറ്റിന് അന്ത്യമായി.
നീതി ആയോഗ് അംഗങ്ങളായ ബിബേക് ദിബ്രോയി, കിഷോര്‍ ദേശായി എന്നിവര്‍ അടങ്ങിയ രണ്ടംഗ കമ്മറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് റെയില്‍ ബജറ്റ് നിര്‍ത്തുന്നത്. റെയില്‍ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിക്കുന്നതോടെ റെയില്‍വേ മന്ത്രാലയത്തിന്റെ ധനവിനിയോഗം ധനമന്ത്രാലയത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാകും. ഇതോടെ മറ്റ് വകുപ്പുകള്‍ക്ക് ലഭിക്കുന്നത് പോലെയുള്ള പ്രാധിനിധ്യം മാത്രമേ റെയില്‍വേയ്ക്കും ലഭിക്കൂ.
ആകെ അനുവദിക്കപ്പെടുന്ന തുകയില്‍ നിന്ന് വിവിധ പദ്ധതികള്‍ക്കായി തുക വേര്‍തിരിക്കുന്നത് ഇനി റെയില്‍വേ മന്ത്രാലയത്തിന്റെ വിവേചനാധികാരമായിരിക്കും. പോസ്റ്റല്‍ വകുപ്പ് ഇപ്രകാരമാണ് ചെയ്യുന്നത്. സുരേഷ് പ്രഭുവാണ് നിലവില്‍ റെയില്‍വേ മന്ത്രി. നേരത്തെ പ്രാദേശിക പാര്‍ട്ടികളുടെ പ്രതിനിധികള്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പ്, പ്രാദേശിക താല്‍പ്പര്യത്തിന് അനുസരിച്ച് പദ്ധതികളും പുതിയ ട്രെയിനുകളും അനുവദിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല